പ്രതികാരമൂര്ത്തിയാവില്ലെന്ന് പിണറായി
|പുതിയ സര്‍ക്കാര്‍ പ്രതികാര മൂര്‍ത്തിയായ സര്ക്കാറാവില്ലെന്ന് പിണറായി വിജയന്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. വികസനം വരുമ്പോള്‍ വഴിമുടക്കികളായി ചിലരുണ്ടാവുമെങ്കിലും സര്‍ക്കാര്‍ അതൊന്നും ഗൌനിക്കില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
പ്രതികാര മൂര്‍ത്തിയായ ഒരു സര്ക്കാറാവില്ല പുതിയ സര്‍ക്കാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമ്പോള്‍ അത് ആര്‍ക്കെങ്കിലും ബുന്ധിമുട്ടുണ്ടാക്കിയാല് പഴയകാല ചെയ്തികളുടെ ഫലമായി അതിനെ കണക്കാക്കിയാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി കണ്ണൂരിലെത്തിയ പിണറായി വിജയന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നല്കിയ സ്വീകരണ യോഗത്തിലായിരുന്നു മുല്ലപ്പെരിയാറടക്കമുള്ള വിവാദ വിഷയങ്ങളില്‍ പിണറായി നിലപാട് വ്യക്തമാക്കിയത്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചിലര്‍ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി ആരോപിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നു തന്നെയാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍ അത് തമിഴ്നാടുമായി സംഘര്‍ഷത്തില്‍ ഏര്പ്പെട്ടുകൊണ്ടാവരുത്. പുതിയ ഡാം നിര്‍മ്മിക്കാന്‍ തമിഴ്നാടിന്റെ സമ്മതവും കേന്ദ്രത്തിന്റെ അനുമതിയും വേണം. കേരളത്തിന്റെ വികസന വിഹിതം കേന്ദ്രത്തോട് ആവശ്യപ്പെടുന്നത് യാചനയല്ല,മറിച്ച് സംസ്ഥാനത്തിന്റെ അവകാശമാണന്നും പിണറായി വിജയന് പറഞ്ഞു.
രാഷ്ട്രീയമായി ഏറെ അഭിപ്രായ ഭിന്നതകളുളള പാര്‍ട്ടിയാണ് കേന്ദ്രത്തില്‍ ഭരണം നടത്തുന്നത്.സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ വകവെച്ച് കൊടുക്കുന്ന രീതിയല്ല ബി.ജെ.പിയുടേതും ആര്.എസ്.എസിന്റെതും.എന്നാല്‍ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ കേരളത്തിന് ലഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.