പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വികസനം അതിരപ്പിള്ളിയില്‍ ഉണ്ടാകില്ല: വനംമന്ത്രി
|അതിരപ്പിള്ളി പദ്ധതി നടപ്പാക്കിയാല്‍ 136 ഹെക്ടര്‍ വനഭൂമി വെള്ളത്തിനടിയിലാകുമെന്നാണ് താന്‍ മനസ്സിലാക്കിയതെന്ന് മന്ത്രി കെ രാജു
പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഒരു വികസന പ്രവര്‍ത്തനവും അതിരപ്പിള്ളിയില്‍ ഉണ്ടാകില്ലെന്ന് വനംവകുപ്പ് മന്ത്രി കെ രാജു മീഡിയവണിനോട് പറഞ്ഞു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കിയാല്‍ 136 ഹെക്ടര്‍ വനഭൂമി വെള്ളത്തിനടിയിലാകുമെന്നാണ് താന്‍ മനസ്സിലാക്കിയിരിക്കുന്നത്. ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും മന്ത്രിസഭയില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയെന്നും കെ രാജു പറഞ്ഞു.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അനുകൂല നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് സിപിഎം നേതാക്കളും നേരത്തേ തന്നെ സ്വീകരിച്ചുവരുന്നത്. എന്നാല്‍ പദ്ധതി നടപ്പാക്കുന്നതിനോട് സിപിഐ തുടക്കം മുതല്‍ തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മന്ത്രി വി എസ് സുനില്‍ കുമാര്‍ അടക്കമുള്ള നേതാക്കളും പദ്ധതിയോടുള്ള വിയോജിപ്പ് തുറന്നു പറഞ്ഞിരുന്നതാണ്. മന്ത്രി കെ രാജു ഇതാദ്യമായാണ് പദ്ധതിയോടുള്ള തന്റെ നിലപാട് വ്യക്തമാക്കുന്നത്. അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കിയാല്‍ 136 ഹെക്ടര്‍ വനഭൂമി വെള്ളത്തിനടിയിലാകുമെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.. ആദിവാസി ഊരുകള്‍ അടങ്ങുന്നതാണ് ഈ വനഭൂമി. പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന വികസനങ്ങളൊന്നും തന്നെ അതിരപ്പിള്ളിയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുകയാണ്. പാട്ടക്കരാര്‍ ലംഘനം നടന്നിട്ടുണ്ടെങ്കില്‍ ഭൂമി തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. അരിപ്പ അടക്കമുള്ള ഭൂസമരങ്ങളില്‍ ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങള്‍ ന്യായമുള്ളതാണെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.