Kerala
ഗുല്‍ബര്‍ഗ റാഗിങ് : മൂന്ന് മലയാളി വിദ്യാര്‍ഥിനികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ഗുല്‍ബര്‍ഗ റാഗിങ് : മൂന്ന് മലയാളി വിദ്യാര്‍ഥിനികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍
Kerala

ഗുല്‍ബര്‍ഗ റാഗിങ് : മൂന്ന് മലയാളി വിദ്യാര്‍ഥിനികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

Sithara
|
12 May 2018 2:29 AM GMT

കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത് കൊല്ലം, ഇടുക്കി സ്വദേശികളായ ലക്ഷ്മി, ആതിര, കൃഷ്ണപ്രിയ എന്നിവരെ

ഗുല്‍ബര്‍ഗയിലെ നഴ്സിങ് കോളജില്‍ മലയാളിയായ അശ്വതി റാഗിങ്ങിനിരയായ കേസില്‍ 3 വിദ്യാര്‍ഥിനികളെ കോടതി രണ്ടാഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നഴ്സിങ് കോളേജിലെ സീനിയര്‍ വിദ്യാര്‍ഥിനികളായ ലക്ഷ്മി, ആതിര, കൃഷ്ണ പ്രിയ എന്നിവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

ഇന്നലെയാണ് ഗുല്‍ബര്‍ഗയിലെ നഴ്സിങ് കോളജില്‍ നിന്നും മലയാളികളായ മൂന്ന് സീനിയര്‍ വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തത്. ഡിവൈഎസ്പി എസ് ഝാന്‍വിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. അവധി കഴിഞ്ഞ് ഇവര്‍ ഇന്നലെയാണ് കോളജില്‍ തിരിച്ചെത്തിയത്. അറസ്റ്റിലായ കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശി ആതിര എന്നിവര്‍ കേസിലെ പ്രധാന പ്രതികളാണ്. റാഗിങിനു പുറമെ വധശ്രമം, പട്ടികജാതി പീഡനം തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവര്‍ ഭാഗികമായി കുറ്റം സമ്മതിച്ചതായി ഗുല്‍ബര്‍ഗ എസ്പി എന്‍ ശശികുമാര്‍‍ പറഞ്ഞു.

നഴ്സിങ് കോളജിനെതിരെയും കര്‍ണാടക പൊലീസ് കേസെടുത്തിട്ടുണ്ട്. പരാതി അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് കേസെടുത്തത്.

അതേസമയം അന്വേഷണ സംഘം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തി റാഗിങിനിരയായ അശ്വതിയുടെ മൊഴിയെടുക്കും. ശേഷം കുടുംബാംഗങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് തയ്യാറാക്കിയ എഫ് ഐ ആറിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടക പൊലീസ് അന്വേഷണം ആരംഭിച്ചത്.

മെയ് ഒന്‍പതിനാണ് മലപ്പുറം എടപ്പാള്‍ സ്ലദേശിയായ അശ്വതി മുതിര്‍ന്ന വിദ്യാര്‍ഥിനികളുടെ റാഗിങ്ങിന് ഇരയായത്. കക്കൂസ് വൃത്തിയാക്കാന്‍
ഉപയോഗിക്കുന്ന രാസദ്രാവകം തന്നെ കുടിപ്പിച്ചെന്നാണ് അശ്വതി പൊലീസിന് നല്‍കിയ പരാതി.

Similar Posts