കലക്ടര്‍ക്കൊപ്പം സിപിഎം ജില്ലാ കമ്മിറ്റി; എംപി - കലക്ടര്‍ പോരിന് രാഷ്ട്രീയമാനം
|കോഴിക്കോട്ടെ എംപി - കലക്ടര്‍ പോരില്‍ കലക്ടര്‍ക്ക് പിന്തുണയുമായി സിപിഎം രംഗത്തെത്തിയതോടെ ഇരുവരും തമ്മിലുള്ള തര്‍ക്കം ഇടത് മുന്നണിയും യുഡിഎഫും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നമായി മാറുന്നു.
കോഴിക്കോട്ടെ എംപി - കലക്ടര്‍ പോരില്‍ കലക്ടര്‍ക്ക് പിന്തുണയുമായി സിപിഎം രംഗത്തെത്തിയതോടെ ഇരുവരും തമ്മിലുള്ള തര്‍ക്കം ഇടത് മുന്നണിയും യുഡിഎഫും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നമായി മാറുന്നു. കലക്ടര്‍ക്ക് അനുകൂലമായ സിപിഎമ്മിന്റെ രംഗപ്രവേശത്തോടെ കലക്ടര്‍ക്കെതിരെ രാഷ്ട്രീയമായി നീങ്ങാനുള്ള തയ്യാറെടുപ്പിലാണ് യുഡിഎഫ്.
കലക്ടര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് എംകെ രാഘവന്‍ എംപി പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി കലക്ടര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. എംപി ഫണ്ട് വിനിയോഗത്തിലെ വീഴ്ച മറക്കാനുള്ള ശ്രമമാണ് കലക്ടര്‍ക്കെതിരെയുള്ള നീക്കത്തിലൂടെ എംകെ രാഘവന്‍ ശ്രമിക്കുന്നതെന്ന് സിപിഎം ജില്ല സെക്രട്ടറി പി മോഹനന്‍ ആരോപിച്ചു. ഉദ്യോഗസ്ഥരെ വിരട്ടുന്ന കെ സുധാകരന്റെ കണ്ണൂര്‍ ശൈലി കോഴിക്കോട്ട് വിലപ്പോവില്ലെന്നും സിപിഎം എംകെ രാഘവനെ ഓര്‍മിപ്പിക്കുന്നു. കലക്ടര്‍ക്ക് അനുകൂലമായി സിപിഎം രംഗത്തെത്തിയതോടെ കലക്ടര്‍ക്കെതിരെ രാഷ്ട്രീയമായി നീങ്ങാനാണ് യുഡിഎഫ് തീരുമാനം.
പോഷക സംഘടനകളെ കലക്ടര്‍ക്കെതിരെ ആദ്യം രംഗത്തിറക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. നേരത്തെ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം ജില്ല സെക്രട്ടറി പി മോഹനന്‍ കലക്ടറേറ്റിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന യുഡിഎഫിന്റെ പരാതിയില്‍ നടപടിയുണ്ടാവാത്തത് കലക്ടറും സിപിഎം നേതാക്കളും തമ്മില്‍ അവിശുദ്ധ കൂട്ട് കെട്ടുണ്ടായത് കൊണ്ടാണെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നു.
കലക്ടറെ വെല്ലുവിളിച്ച് എംകെ രാഘവന്‍ എംപി
കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്തിനെ വെല്ലുവിളിച്ച് എംകെ രാഘവന്‍ എംപിയുടെ ഫേസ്‍ബുക് പോസ്റ്റ്. എംപി ഫണ്ട് ഉപയോഗിച്ച് പദ്ധതികള്‍ നടത്താന്‍ ഭരണാനുമതി നല്‍കാന്‍ കലക്ടര്‍ കാലതാമസം വരുത്തുന്നുവെന്നും പ്രതികരിക്കുമ്പോള്‍ കോണ്‍ട്രാക്ടര്‍മാരുടെ വക്താവായി ചിത്രീകരിക്കുന്നുവെന്നും എംകെ രാഘവന്‍ പറയുന്നു.
കോഴിക്കോട്ടെ എംപിയുടെ മാത്രം രണ്ടാംവട്ട പരിശോധനക്ക് ഉത്തരവ് വൈകിപ്പിച്ചാല്‍ സ്പീഡപ്പ് ചെയ്യിപ്പിക്കുക എന്ന ഉത്തരവാദിത്തം എംപി എന്ന നിലയില്‍ തനിക്കുണ്ടെന്നും എംകെ രാഘവന്‍ പറഞ്ഞു. താന്‍ ഇന്‍സ്പെക്ഷന് തടസ്സം ഉന്നയിച്ചെന്ന് കലക്ടര്‍ വാട്സ്ആപ് വഴി ആരോപണം ഉന്നയിച്ചെന്നും. ഇത് തെളിയിക്കാനായി കോള്‍ ഡിറ്റയില്‍സ് റെക്കോര്‍ഡ് എടുക്കുവാനും, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനും കലക്ടറെ എംപി വെല്ലുവിളിക്കുന്നു. ആരോപണങ്ങള്‍ തെളിയിക്കാത്തപക്ഷം കലക്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എംകെ രാഘവന്‍ ഫേസ്ബുകില്‍ പറയുന്നു.