പദ്ധതികള്‍ പരാജയം; കക്കൂസുകളും കുളിമുറികളുമില്ലാതെ ആദിവാസി കോളനികള്‍
|പൊതുസ്ഥലത്ത് മൂത്രപ്പുര നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ സമഗ്ര പദ്ധതികള്‍ ആവിഷ്ക്കരിക്കുമ്പോഴും കക്കൂസുകളും കുളിമുറികളുമില്ലാത്ത ആദിവാസി കോളനികളുടെ എണ്ണം സംസ്ഥാനത്ത് നിരവധിയാണ്.
പൊതുസ്ഥലത്ത് മൂത്രപ്പുര നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ സമഗ്ര പദ്ധതികള്‍ ആവിഷ്ക്കരിക്കുമ്പോഴും കക്കൂസുകളും കുളിമുറികളുമില്ലാത്ത ആദിവാസി കോളനികളുടെ എണ്ണം സംസ്ഥാനത്ത് നിരവധിയാണ്. ഇത് മൂലം നല്ലൊരു ശതമാനവും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നത് തുറസ്സായ സ്ഥലത്താണ്. സ്ത്രീകളും പെണ്‍കുട്ടികളുമാണ് ഏറെ കഷ്ടപ്പെടുന്നത്.
ഇടമലയാര്‍ അണക്കെട്ടിനടുത്ത് ഏഴ് കിലോമീറ്റര്‍ ദൂരം കാട്ടിനുള്ളിലേക്ക് യാത്ര ചെയ്താല്‍ പോങ്ങുംമൂട് ആദിവാസി കോളനിയായി. സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകള്‍ കോളനിയിലുണ്ട്. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വികസന ഫണ്ടുപയോഗിച്ചാണ് കോളനിയിലുള്ളവര്‍ക്ക് വീട് വെച്ച് നല്‍കിയത്. പക്ഷെ വീട് മാത്രമേ കിട്ടിയുള്ളൂ. മിക്ക വീടുകളിലും കക്കൂസും കുളിമുറിയുമില്ല. ബാക്കിയുള്ള ഭൂരിപക്ഷമാളുകള്‍ക്കും വെളിപ്രദേശമാണ് ആശ്രയം. കുളിക്കാന്‍ തോട്. മലമൂത്ര വിസര്‍ജ്ജനത്തിന് തുറസ്സായ സ്ഥലം. കാട്ടാനകള്‍ എപ്പോല്‍ വേണമെങ്കിലും കടന്നുവരാവുന്ന പ്രദേശം.
അടിസ്ഥാന പ്രശ്നങ്ങള്‍ അനവധിയുള്ളതുകൊണ്ട് ശൌച്യാലയത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഇവര്‍ ബോധവാന്‍മാരല്ല. ആദിവാസി ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാരിന്‍രേതടക്കം കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ നിലവിലുണ്ട്. ഇവയൊക്കെയും ആദിവാസി ക്ഷേമത്തിന് ചെലവഴിച്ചതായി രേഖകളിലുമുണ്ട്. പക്ഷെ അതൊന്നും പൂര്‍ണമായ അര്‍ത്ഥത്തില്‍ എത്തുന്നില്ലെന്നതാണ് ഗൌരവത്തോടെ കാണേണ്ടത്.