Kerala
കലാധ്യാപക നിയമനം; ഫണ്ട് പാഴാകുന്നുവെന്ന് ആക്ഷേപംകലാധ്യാപക നിയമനം; ഫണ്ട് പാഴാകുന്നുവെന്ന് ആക്ഷേപം
Kerala

കലാധ്യാപക നിയമനം; ഫണ്ട് പാഴാകുന്നുവെന്ന് ആക്ഷേപം

Khasida
|
13 May 2018 9:11 PM GMT

നാല് വര്‍ഷമായി ഈ മേഖലയില്‍ ഒരു അധ്യാപകനെ പോലും നിയമിച്ചിട്ടില്ല.

കലാപഠനത്തിനായി അനുവദിച്ച എസ്എസ്എ ഫണ്ട് ഉപയോഗിച്ച് സ്പെഷ്യലിസ്റ്റ് അധ്യാപകരെ നിയമിക്കണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് ഇനിയും നടപ്പായില്ല. നാല് വര്‍ഷമായി ഈ മേഖലയില്‍ ഒരു അധ്യാപകനെ പോലും നിയമിച്ചിട്ടില്ല. നിയമനത്തിനായി അനുവദിച്ച ഫണ്ട് പാഴായി പോകുന്നുവെന്നും ആക്ഷേപമുണ്ട്. ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് അധ്യാപകരുടെയും കലാവിദ്യാര്‍ഥികളുടെയും തീരുമാനം.

2016 ഫെബ്രുവരി 27ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം 2,514 പേരെ താത്ക്കാലിക അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എയ്‌ഡഡ് വിദ്യാലയങ്ങളില്‍ കലാ അധ്യാപകരായി നിയമിക്കണമെന്നാണ് ഉത്തരവ്. മെറിറ്റിന്‍റെ അടിസ്ഥാനത്തില്‍ സ്പെഷ്യലിസ്റ്റ് അധ്യാപക നിയമനം നടത്താനുള്ള ഉത്തരവാദിത്തം ഡിപിഐക്കാണെന്നും കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടാകണം ശമ്പളം നല്‍കേണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ 2012 മുതല്‍ എസ്‌എസ്എയില്‍ നിന്ന് നിയമനത്തിനായി അനുവദിച്ച ലക്ഷകണക്കിന് രൂപ വേണ്ട രീതിയില്‍ ചെലവഴിച്ചിട്ടില്ല. തുക ട്രഷറിയില്‍ അടച്ചിട്ടുണ്ടെങ്കിലും ഇതുവരെയും ഈ മേഖലയില്‍ അധ്യാപകരുടെ നിയമനം നടത്തിയിട്ടില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 8,853.57 ലക്ഷം രൂപയാണ് ചെലവഴിക്കാതെ അവശേഷിക്കുന്നത്. വിഷയം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.

അധ്യാപകരുടെ സ്ഥിരം നിയമനത്തിനായുള്ള വ്യവസ്ഥ ഉത്തരവിലില്ലെങ്കിലും താത്ക്കാലിക നിയമനത്തിലൂടെയെങ്കിലും കലാപഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

Related Tags :
Similar Posts