'ഇടുക്കി ഗോള്‍ഡി'ന്റെ വില്‍പ്പനയില്‍ വന്‍ വര്‍ധനവെന്ന് കണക്കുകള്‍
|2015- 2016 എപ്രില്‍ വരെ എക്സൈസ് ജില്ലയില്‍ പിടികൂടിയത് 175 കിലോ കഞ്ചാവ് ആയിരുന്നെങ്കില്‍ 2016 ഏപ്രില്‍ മുതല്‍ ഇന്നലെ വരെ പിടികൂടിയതാവട്ടെ 76 കിലോ കഞ്ചാവാണ്.
ഇടുക്കി ഗോള്‍ഡ് എന്ന വിശേഷണമുള്ള കഞ്ചാവിന്റെ വിപണനം ഇടുക്കി ജില്ലയില്‍ വീണ്ടും സജീവമായി. 2015- 2016 എപ്രില്‍ വരെ എക്സൈസ് ജില്ലയില്‍ പിടികൂടിയത് 175 കിലോ കഞ്ചാവ് ആയിരുന്നെങ്കില്‍ 2016 ഏപ്രില്‍ മുതല്‍ ഇന്നലെ വരെ പിടികൂടിയതാവട്ടെ 76 കിലോ കഞ്ചാവാണ്. ജില്ലയുടെ പലഭാഗത്തും കഞ്ചാവ്കൃഷി തിരിച്ചുവന്നതായും പരാതിയുണ്ട്.
ഒരുകാലത്ത് ഇടുക്കിയില്‍ വ്യാപകമായി ക്യഷി ചെയ്തിരുന്ന ഒന്നായിരുന്നു നീലചടയന്‍ എന്ന മുന്തിയ ഇനം കഞ്ചാവ്. 1982ല്‍ അധിക്യതരുടെ ശക്തമായ ഇടപെടല്‍ മൂലം ജില്ലയിലെ കഞ്ചാവ് കൃഷി പാടെ നിലച്ചു. ജില്ലയിലെ കഞ്ചാവ് കൃഷിക്കാര്‍ ഒറീസ, ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ വന മേഖലകളില്‍ കൃഷി തുടങ്ങി. ഇടുക്കി കഞ്ചാവിന്റെ വിപണി മൂല്യം തിരിച്ചറിഞ്ഞ വില്‍പ്പനക്കാര്‍ കഞ്ചാവ് ഇടുക്കിയിലെത്തിച്ച് ഇടുക്കി ഗോള്‍ഡ് എന്നപേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നു.
കഴിഞ്ഞ വര്‍ഷം 175 കിലോ കഞ്ചാവ് ജില്ലയില്‍ നിന്ന് പിടികൂടിയെങ്കില്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഇതുവരെ 76 കിലോ പിടികൂടിക്കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 282 പേരെ കഞ്ചാവ് കേസുകളില്‍ അറസ്റ്റ് ചെയ്തിടത്ത് ഏപ്രില്‍ മുതല്‍ 79 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയില്‍ വലിയ ഹാഷിഷ് ഓയില്‍ ശേഖരവും ജില്ലയിലാണ് പിടികൂടിയത്. വിപണിയില്‍ ഇതിന് 250 കോടി രൂപ വിലവരും. ജില്ലയില്‍ പലയിടത്തും കഞ്ചാവ് കൃഷി തിരിച്ചുവരുന്നതായും അധികൃര്‍ പറയുന്നു. പലഭാഗത്തുനിന്നായി 60ഓളം കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു.