കണ്ണൂര്‍ വിമാനത്താവളം: നിലപാട് വ്യക്തമാക്കാതെ മുഖ്യമന്ത്രി
|വിമാനത്താവള അധികൃതരുമായി ഇന്നലെ നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളെ കാണാന്‍ പിണറായി തയ്യാറായില്ല.
കണ്ണൂര്‍ വിമാനത്താവളം സംബന്ധിച്ച് നിലപാട് വ്യക്തമാക്കാതെ മുഖ്യമന്ത്രി. വിമാനത്താവള അധികൃതരുമായി ഇന്നലെ നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളെ കാണാന്‍ പിണറായി തയ്യാറായില്ല. മാധ്യമങ്ങളെ കാണുമെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം പരിപാടി റദ്ദാക്കി മടങ്ങുകയായിരുന്നു.
മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായായിരുന്നു പിണറായി വിജയന്‍ ഇന്നലെ കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ പദ്ധതി പ്രദേശം സന്ദര്‍ശിച്ചത്. മൂന്ന് മണിയോടെ ഇവിടെയെത്തിയ പിണറായി വിജയന്‍ നിര്‍മ്മാണം പുരോഗമിക്കുന്ന റണ്‍വെയും ടെര്‍മിനലുമടക്കമുളള സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. മന്ത്രിമാരായ ഇ.പി ജയരാജന്‍,കെ.കെ ശൈലജ,കെ,കെ രാഗേഷ് എം.പി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് കിയാല്‍ അധികൃതരുമായി ഒരു മണിക്കൂറോളം പിണറായി ചര്‍ച്ച നടത്തി.
ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നു. ഇതിനായി നിര്‍മ്മാണം നടക്കുന്ന ടെര്‍മിനലിനുളളില്‍ പ്രത്യേക വേദിയും തയ്യാറാക്കിയിരുന്നു. ഒന്നര മണിക്കൂറോളം പിണറായിക്കായി മാധ്യമ പ്രവര്‍ത്തകര്‍ കാത്തിരുന്നെങ്കിലും വിമാനത്താവളത്തിന്‍റെ രണ്ടാമത്തെ ഗേറ്റ് വഴി മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കി പിണറായി തിരിച്ചു പോവുകയായിരുന്നു. എന്നാല്‍ പിണറായി മാധ്യമ പ്രവര്‍ത്തകരെ കാണാതിരുന്നതിന്‍റെ കാരണം എന്തെന്ന് വിശദീകരിക്കാന്‍ കിയാല്‍ അധികൃതരും തയ്യാറായില്ല.