മാണിയോടുള്ള സമീപനത്തില്‍ ഇടതുമുന്നണിയില്‍ അഭിപ്രായ ഭിന്നത
|മാണി അഴിമതിക്കാരന്‍ തന്നെയെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. തങ്ങളുടേത് അഴിമതിവിരുദ്ധ സര്‍ക്കാരാണെന്നായിരുന്നു പന്ന്യന്‍ രവീന്ദ്രന്റെ പ്രതികരണം.
യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് എമ്മിനോടുള്ള സമീപനത്തില്‍ ഇടതുമുന്നണിയില്‍ അഭിപ്രായ ഭിന്നത. മാണിയുമായി പ്രശ്നാധിഷ്ടിത സഹകരണമുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചു. എന്നാല്‍ മാണി അഴിമതിക്കാരന്‍ തന്നെയെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. തങ്ങളുടേത് അഴിമതിവിരുദ്ധ സര്‍ക്കാരാണെന്നായിരുന്നു പന്ന്യന്‍ രവീന്ദ്രന്റെ പ്രതികരണം.
കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുമുന്നണിയിലെടുക്കുമോയെന്ന ചോദ്യത്തോടാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ഇടതുപക്ഷത്തിന്റെ അടിത്തറ വിപുലീകരിക്കാനുള്ള രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്തും. കേരള കോണ്‍ഗ്രസ് എമ്മിനെ വര്‍ഗീയ കക്ഷിയായി മാറ്റി നിര്‍ത്താതെ പ്രശ്നാധിഷ്ഠിതമായി സഹകരിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.
അഴിമതിക്കേസുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അന്വേഷണം അതിന്റെ വഴിക്ക് പോകുമെന്നായിരുന്നു കോടിയേരിയുടെ മറുപടി. എന്നാല്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മാണിയുടെ കാര്യത്തില്‍ കോടിയേരിയെപ്പോലെ മൃദുസമീപനമായിരുന്നില്ല. തങ്ങളുടേത് അഴിമതിവിരുദ്ധ സര്‍ക്കാരാണെന്നും മാണിയുടെ കാര്യത്തില്‍ ഏകാഭിപ്രായമാണുളളതെന്നും പന്ന്യന്‍ രവീന്ദ്രനും പ്രതികരിച്ചു.