പാഠപുസ്തകങ്ങള്‍ ലഭിച്ചില്ല; ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ ആശങ്കയില്‍
|പുസ്തകങ്ങളില്ലാതെ ഓണപരീക്ഷാ എഴുതേണ്ടതിന്‍റെ ആശങ്കയിലാണ് സംസ്ഥാനത്തെ ഹയര്‍സെക്കന്‍ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍.
സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറികളിലും ഇത്തവണ പാഠപുസ്തകങ്ങളെത്തിയില്ല. ലക്ഷക്കണക്കിന് പുസ്തകങ്ങള്‍ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നു. പ്ലസ് വണ്‍ പുസ്തകങ്ങള്‍ അച്ചടിക്കാന്‍ ഉത്തരവ് നല്‍കിയതിലും കാലതാമസമുണ്ടായി. വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ഹയര്‍ സക്കണ്ടറി ഡയരക്ടര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഏജന്‍സിയായ സി ആപ്റ്റിനെയാണ് ഹയര്‍ സെക്കണ്ടറി പുസ്തകങ്ങള്‍ അച്ചടിക്കാന്‍ ഡയരക്ടറേറ്റ് ചുമതലപ്പെടുത്തിയിരുന്നത്. പ്ലസ്ടു പുസ്തകങ്ങളിലധികവും സി ആപ്റ്റ് സ്വന്തമായി അച്ചടിച്ചു. പ്ലസ് വണ്‍ പുസ്തകങ്ങള്‍ കൂടി അച്ചടിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ ടെന്‍ഡര്‍ വിളിച്ച് സ്വകാര്യ ഏജന്‍സിയെ ഏല്‍പിക്കാനായിരുന്നു സി ആപ്റ്റിന്റെ നീക്കം. ടെന്‍ഡര്‍ പരാജയപ്പെട്ടതോടെ അച്ചടി കെബിപിഎസിനെ ഏല്‍പിച്ചു. പക്ഷെ അച്ചടിക്കാനുള്ള ഉത്തരവ് നല്‍കുന്നതില്‍ കാലതാമസമുണ്ടായി. മാര്‍ച്ചില്‍ നല്‍കേണ്ട ഉത്തരവ് ജൂലൈ അഞ്ചിനാണ് നല്‍കിയത്.
സ്‌കൂളുകള്‍ ഇന്റന്റ് നല്‍കുന്നതില്‍ കാലതാമസം വരുത്തിയെന്നാണ് സി ആപ്റ്റിന്റെ വിശദീകരണം. 4,33,200 പുസ്തകങ്ങള്‍ അച്ചടിക്കാനായിരുന്നു കെബിപിഎസിന് നല്‍കിയ നിര്‍ദേശം. ഇതിന്റെ 90 ശതമാനം അച്ചടിയാണ് ഇപ്പോള്‍ കെബിപിഎസ് പൂര്‍ത്തിയാക്കിയത്. 10 ശതമാനം പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കാനുണ്ട്. അച്ചടിച്ച 90 ശതമാനം പുസ്തകങ്ങള്‍ ഇതുവരെയും വിതരണം ചെയ്തിട്ടില്ല.
ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് കെബിപിഎസില്‍ കെട്ടിക്കിടക്കുന്നത്. ഇത് വിതരണം ചെയ്യേണ്ടതും സി ആപ്റ്റാണ് തന്നെയാണ്. വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ഹയര്‍ സെക്കണ്ടറി ഡയരക്ടര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 29ന് ഓണപ്പരീക്ഷ തുടങ്ങാനിരിക്കെയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥികളും പാഠപുസ്തകമില്ലാതെ വലയുന്നത്.