കുഴല്‍പ്പണം കവര്‍ന്നെന്ന സംശയം; ഒരു യുവാവിനെ കൂടി തട്ടിക്കൊണ്ടു പോയി
|താമരശ്ശേരി സ്വദേശി യൂനിസിനെയാണ് കാണാതായത്
കുഴല്‍പ്പണം കവര്‍ന്നെന്ന സംശയത്തില്‍ മറ്റൊരു യുവാവിനെ കൂടി താമരശ്ശേരിയില്‍ നിന്നും കര്‍ണാടക പോലീസും ഗുണ്ടാ സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി. കുടുക്കിലമ്മാരം സ്വദേശി യൂനുസിനെയാണ് ഒരാഴ്ച മുന്‍പ് തട്ടിക്കൊണ്ടു പോയത്. കര്‍ണാടകയിലെ ശ്രീമംഗലം പോലീസ് സ്റ്റേഷനില്‍ യൂനുസ് ഉള്ളതായി വിവരമുണ്ടെങ്കിലും ബന്ധുക്കള്‍ക്ക് ഇയാളെ കാണാന്‍ കഴിഞ്ഞിട്ടില്ല.
താമരശ്ശേരി മൈക്കാവില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ചയാണ് യൂനുസിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയത്. താമരശ്ശേരിയില്‍ കുഴല്‍പ്പണ ഇടപാട് നടത്തുന്ന ചിലരും സംഘത്തിലുണ്ടായിരുന്നു. പരാതിയെ തുടര്‍ന്ന് താമരശ്ശേരി പോലീസ് നടത്തിയ അന്വേഷണത്തില്‍ യൂനുസ് കര്‍ണാടക ശ്രീമംഗലം പോലീസിന്റെ കസ്റ്റഡിയിലാണെന്ന് കണ്ടെത്തി. എന്നാല്‍ കേരള പോലീസിനെ അറിയിക്കാതെയാണ് യൂനുസിനെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
യൂനുസിനെ അന്വേഷിച്ച് സഹോദരന്‍മാര്‍ ശ്രീമംഗലം പോലീസ് സ്റ്റേഷനില്‍ പോയെങ്കിലും കാണാനുള്ള അനുവാദം ലഭിച്ചില്ല.
കുഴല്‍പ്പണ സംഘവും കര്‍ണ്ണാടക പോലീസും സമാന രീതിയില്‍ തട്ടിക്കൊണ്ടു പോയ ചുങ്കം സ്വദേശി സക്കീര്‍ ഹുസൈന്‍ ഗുരുതര പരിക്കുകളോടെയാണ് തിരിച്ചെത്തിയത്.