സംയമനം വെടിയാതെ ഉറി ഭീകരാക്രമണത്തിന് ശേഷം മോദിയുടെ പ്രസംഗം
|പാകിസ്താനെതിരെ സൈനിക നടപടികള്‍ക്ക് പോലും തയാറാവുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് വിരാമ
ഉറി ഭീകരാക്രമണത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യപ്രതികരണത്തിനായി ശ്രദ്ധാപൂര്‍മായിരുന്നു രാജ്യം കാതോര്‍ത്തത്. പാകിസ്താനെതിരെ സൈനിക നടപടികള്‍ക്ക് പോലും തയാറാവുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് വിരാമമിട്ട് സംയമനത്തോടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം.
പാകിസ്താന് തീവ്രവാദ പരിശീലന കേന്ദ്രങ്ങളിലേക്ക് ഇന്ത്യ ആക്രമണം നടത്തണമെന്ന ആവശ്യം വിരമിച്ച മുതിര്‍ന്ന സൈനികോദ്യോഗസ്ഥരും പ്രതിരോധ രംഗത്തെ വിദഗ്ധരും ഉന്നയിച്ചിരുന്നു. പാകിസ്താന് വിഷയത്തില്‍ യുപിഎ സര്‍ക്കാറിനെ വിമര്‍ശിച്ച മോദിയുടെ കഴിവ്കേടാണ് ഇപ്പോള്‍ വെളിപ്പെടുന്നതെന്ന് കോണ്‍ഗ്രസും കുറ്റപ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് കോഴിക്കോട് നടന്ന ബിജെപി ദേശീയ കൌണ്സിലില് ഉറി ആക്രമണത്തിന് ശേഷം പ്രധാനമന്ത്രി ആദ്യമായി പ്രതികരിച്ചത്. പാര്‍ട്ടി നേതാക്കളുടെ പ്രസ്താവനകളെയും മാധ്യമ റിപ്പോര്‍ട്ടുകളെയും അസ്ഥാനത്താക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
എന്നാല്‍ പ്രധാനമന്ത്രി പോലും കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 18 ജവാന്മാരുടെ രക്തസാക്ഷിത്വം വെറുതെയാവില്ലെന്ന് പാകിസ്താനെ പേരെടുത്ത് പറഞ്ഞ പ്രധാനമന്ത്രി ആ രാജ്യത്തോടുള്ള ജനങ്ങളോടുള്ള ആഹ്വാനത്തിനിടയിലാണ് കൂടുതല്‍ സമയവും അയല്‍രാജ്യത്തിന്റെ പേര് പരാമര്‍ശിച്ചത്. പാകിസ്താനെ ഭീകര രാജ്യമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച എല്ല പരിശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം ഇരു രാജ്യത്തെ പട്ടിണിയോടും ഇല്ലായ്മകളോടുമാവാമെന്ന് പറഞ്ഞ മോദി പാകിസ്താനിലെ അധികാരികളെ ചോദ്യം ചെയ്യണമെന്ന് പാകിസ്താന് ജനങ്ങളോട് ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ പോവുന്ന വിവിധ പദ്ധതികളുടെ മുന്നോടിയായി ദാരിദ്ര്യ നിര്‍മ്മാര്‍ജന സംബന്ധിയായ മുദ്രാവാക്യങ്ങളും പ്രസംഗത്തില്‍ ഉയര്‍ത്തി.
ഏറെ വൈകാരികമായ പ്രസംഗം ശ്രവിക്കാമെന്ന് പ്രതീക്ഷിച്ചെത്തിയ ജനക്കൂട്ടത്തെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെവാക്കുകള്.