സ്വാശ്രയം: യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്
|ആരോഗ്യ സ്ഥിതി മോശമായതിനാല്‍ അനൂബ് ജേക്കബിനെ ആശുപത്രിയിലേക്ക് മാറ്റി
സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശന വിഷയത്തില്‍ യു.ഡി.എഫ് എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു. രണ്ട് ലീഗ് എംഎല്‍എമാരുടെ അനുഭാവസമരവും തുടരുകയാണ്. നിരാഹാരസമരം നടത്തിയിരുന്ന അനൂപ് ജേക്കബിനെ ആരോഗ്യസ്ഥിതി മോശമായതിനെതുടര്‍ന്ന് ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പകരം ആര് സമരം തുടരണമെന്നത് നാളെ ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ തീരുമാനിക്കും. ചൊവ്വാഴ്ച മുതല്‍ സമരം സെക്രട്ടറിയേറ്റിനു മുന്നിലേക്കും വ്യാപിപ്പിച്ചേക്കും.
അനൂപ് ജേക്കബ് എം.എല്‍.എയെ പോലീസ് അറസ്റ്റ് ചെയ്താണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യം വഷളായതിനെത്തുടര്‍ന്ന് ഡോക്ടര്‍മ്മാരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നടപടി. എംഎല്‍എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ നിരാഹാരം നാലാം ദിവസവും തുടരുകയാണ്. ഇന്നലെ രാവിലെ തന്നെ അനൂപ് ജേക്കബിന്‍റെ ആരോഗ്യ നിലയ വഷളായ വിവരം ഡോക്ടര്‍മാര്‍ പ്രതിപക്ഷ നേതാക്കളെ അറിയിച്ചിരുന്നു.പിന്നീട് യുഡിഎഫ് നേതാക്കളുമായും,അനൂപ് ജേക്കബിന്‍റെ കുടുംബാംഗങ്ങളുമായും രമേശ് ചെന്നിത്തല ആശയവിനിമയം നടത്തിയതിന് ശേഷമാണ് അറസ്റ്റിന് വഴങ്ങാന്‍ തീരുമാനിച്ചത്.
നിലവിലെ സാഹചര്യത്തില്‍ അനൂപ് ജേക്കബിന് പകരം മറ്റ് എം.എല്‍.എമാരാരും നിരാഹാരം കിടക്കേണ്ടന്നാണ് തീരുമാനം.ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടങ്കിലും നിയമസഭക്കുള്ളിലെ കവാടത്തില്‍ ഷാഫിപറന്പിലും,ഹൈബി ഈഡനും നടത്തുന്ന നിരാഹാരം തുടരും.എന്‍.എ നെല്ലിക്കുന്നും,ആബിദ് ഹുസൈന്‍ തങ്ങളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉപവാസത്തിലാണ്.സാശ്രയ വിഷയത്തില്‍ നിയമസഭക്കുള്ളില്‍ യുഡിഎഫിന് പരോക്ഷ പിന്തുണ നല്‍കിയ കേരളാകോണ്‍ഗ്രസ് തുടര്‍ച്ചയായി സഭ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ നിലപാടിനെതിരെ രംഗത്ത് വന്നു
തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിന് ശേഷം സമരം കൂടുതല്‍ ശക്തമാക്കാനാണ് നേതാക്കള്‍ക്കിടയിലുള്ള തീരുമാനം.