അസ്ലം വധക്കേസിലെ പ്രതി അറസ്റ്റില്‍
|കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത കണ്ണൂര്‍ പത്തായക്കുന്ന് സ്വദേശി ബിജേഷിനെയാണ് അറസ്റ്റ് ചെയ്തത്.
നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്ത്തകന് കാളിയപറമ്പത്ത് അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതികളിലൊരാള്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത കണ്ണൂര്‍ പത്തായക്കുന്ന് സ്വദേശി ബിജേഷിനെയാണ് അറസ്റ്റ് ചെയ്തത്. അസ്ലമിനെ കുത്തിക്കൊലപ്പെടുത്തിയവരില് ഒരാളാണ് ബിജേഷെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി.
പാട്യം പഞ്ചായത്തിലെ പത്തായക്കുന്നില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ബിജേഷിനെ പൊലീസ് പിടികൂടിയത്. അസ്ലമിനെ വധിച്ചതിനു ശേഷം കൊലയാളികള്‍ സഞ്ചരിച്ച കാര്‍ വടകര സഹകരണ ആശുപത്രിക്കുസമീപം ഉപേക്ഷിച്ചിരുന്നു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബിജേഷ് സംഘത്തിലുണ്ടായിരുന്നുവെന്ന് വ്യക്തമായി.
വിശദമായ ചോദ്യം ചെയ്യലിനുശേഷം ഇന്നലെ വൈകുന്നേരം ബിജേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അസ്ലമിനെ ഇടിച്ചുവീഴ്ത്തിയ ഇന്നോവ കാറിന്റെ െ്രെഡവര്‍ കെ പി രാജീവന്, വധഗൂഢാലോചനക്ക് നേതൃത്വം നല്കിയ തൂണേരി വെള്ളൂര്‍ സ്വദേശി ഷാജി എന്നിവരെ കഴിഞ്ഞയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തലില്‍ നിന്നാണ് ബിജേഷിനെക്കുറിച്ച് വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊലപാതകികള്‍ക്ക് സഞ്ചരിക്കാന്‍ ഇന്നോവ കാര്‍ എത്തിച്ചു നല്കിയവരും സംഘത്തിന് വഴികാണിച്ചവരുമടക്കം ആറുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ആഗസ്റ്റ് പന്ത്രണ്ടിന് സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് അസ്ലമിനെ ഒരു സംഘമാളുകള്‍ കൊലപ്പെടുത്തിയത്.