കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ജന്മദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു
|ജനപക്ഷ നേതാവ് പിസി ജോര്‍ജിന്റെ പാര്‍ട്ടി ആഘോഷ പരിപാടികള്‍ ഒന്നും സംഘടിപ്പിച്ചില്ല
മുന്നണി ബന്ധമില്ലാത്തവരും ഉള്ളവരുമായ വിവിധ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ജന്മദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു. കസ്തൂരി രംഗന്‍വിഷയത്തില്‍ യുഡിഎഫ് ഇടുക്കിയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ പിന്തുണയ്ക്കുമെന്ന് കേരളാ കോണ്‍ഗ്രസ് എമ്മും മുന്നണി ബന്ധം നോക്കാതെ കര്‍ഷകരുടെ പ്രശ്നങ്ങളില്‍ നിലപാട് സ്വീകരിക്കുമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പ്രഖ്യാപിച്ചപ്പോള്‍ മന്ത്രി ഇപി ജയരാജന്‍ രാജിവയ്ക്കണമെന്നായിരുന്നു ജേക്കബ് വിഭാഗത്തിന്റെ ആവശ്യം. ജനപക്ഷ നേതാവ് പിസി ജോര്‍ജിന്റെ പാര്‍ട്ടി ആഘോഷ പരിപാടികള്‍ ഒന്നും സംഘടിപ്പിച്ചില്ല.
കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി രൂപം കൊണ്ടതിന്റെ 53ാം ജന്മദിന ആഘോഷ പരിപാടികളാണ് വിവിധ ബ്രാക്കറ്റുകളുള്ള കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ആഘോഷിച്ചത്. മുന്നണി ബന്ധമില്ലാതെ ഇത്തവണ ജന്മദിനം ആഘോഷിച്ച കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം കസ്തൂരി രംഗന്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. കര്‍ഷകദ്രോഹ നടപടികള്‍ തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്നായിരുന്നു ചെയര്‍മാന്‍ കെഎം മാണിയുടെ പ്രഖ്യാപനം. ഇടുക്കിയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ പിന്തുണയ്ക്കുമെന്നും കേരളാ കോണ്‍ഗ്രസ് എം നിലപാടറിയിച്ചു. ഇടതുമുന്നണിയില്‍ ഘടകക്ഷിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.ഫ്രാന്‍സിസ് ജോര്‍ജ് പ്രത്യാശിച്ചു. എന്നാല്‍ കര്‍ഷകരുടെ പ്രശ്നങ്ങളില്‍ മുന്നണിബന്ധം നോക്കാതെ നിലപാട് സ്വീകരിക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
ആശ്രിതനിയമനം നടത്തിയ മന്ത്രി ഇപി ജയരാജന്‍ രാജിവയ്ക്കണമെന്നാണ് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ജന്മദിനാഘോഷ സമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. യുഡിഎഫിനെ ശക്തിപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും ചെയര്‍മാന്‍ ജോണി നെല്ലൂര്‍ വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ മുന്‍ നേതാവും ഇപ്പോള്‍ ജനപക്ഷപാര്‍ട്ടി നേതാവുമായ പിസി ജോര്‍ജ് ഉത്തരേന്ത്യന്‍ യാത്രയിലായതിനാല്‍ ആഘോഷ പരിപാടികള്‍ ഒന്നും പാര്‍ട്ടി സംഘടിപ്പിച്ചില്ല.