എം എം മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണം: വിഎസ്
|വിഎസ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചു
എം എം മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന് സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. കൊലക്കേസിൽ പ്രതിചേർക്കപ്പെട്ടവർ മന്ത്രിസ്ഥാനത്ത് തുടരരുതെന്നാണ് പാർട്ടി നിലപാടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. സീതാറാം യെച്ചൂരിക്കാണ് വിഎസ് കത്തയച്ചത്.
അഞ്ചേരി ബേബി വധക്കേസിൽ എം എം മണിയുടെ വിടുതൽ ഹർജി കോടതി തളളിയെങ്കിലും അദേഹം മന്ത്രിസ്ഥാനം ഒഴിയേണ്ടെന്ന നിലപാടായിരുന്നു സിപിഎം സംസ്ഥാന നേതൃത്വത്തിൻറേത്. പ്രതിപ്പട്ടികയിലിരിക്കെയാണ് മണി മന്ത്രിയായതെന്നായിരുന്നു സിപിഎം വാദം. എന്നാൽ പാർട്ടി നേതൃത്വത്തിൻറ വാദങ്ങൾ പൂർണ്ണമായി തളളിക്കൊണ്ടാണ് മണിയെ മാറ്റണമെന്ന നിലപാടുമായി മുതിർന്ന നേതാവും ഭരണപരിഷ്കാര കമ്മീഷൻ അംഗവുമായ വി എസ് അച്യുതാനന്ദൻ രംഗത്തെത്തിയത്.
കൊലക്കേസിൽ പ്രതിചേർക്കപ്പെട്ടവർ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് സിപിഎം കേന്ദ്രനേതൃത്വത്തിനയച്ച കത്തിൽ വിഎസ് ചൂണ്ടിക്കാട്ടി. ക്രിമിനൽ കേസിൽ പ്രതിചേർക്കപ്പെട്ടവർ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കരുതെന്നാണ് പാർട്ടി നയം. ഈ സാഹചര്യത്തിൽ മണിക്ക് മന്ത്രിസ്ഥാനത്ത് തുടരാനാവുക എങ്ങനെയാണെന്നും വിഎസ് കത്തില്‍ ചോദിക്കുന്നു. കോടതി വിധി പരിഗണിച്ച് ഉചിതമായ തീരുമാനമുണ്ടാകണമെന്നും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കയച്ച കത്തിൽ വിഎസ് ആവശ്യപ്പെട്ടു.
മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയതിന് പിന്നാലെ വിഎസും ഇതേ നിലപാടാവർത്തിച്ചത് സിപിഎം നേതൃത്വത്തിന് കനത്ത തിരിച്ചടിയായി. ഇക്കാര്യത്തിൽ സിപിഎം കേന്ദ്രനേതൃത്വത്തിൻറ തീരുമാനമാകും ഇനി നിർണ്ണായകം.