ലിബിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ മലയാളിയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല; ബന്ധുക്കള്‍ ആശങ്കയില്‍
|ലിബിയയില്‍ മലയാളി ഐടി ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ വിവരമൊന്നും ലഭിക്കാതെ ബന്ധുക്കള്‍ ആശങ്കയില്‍.
ലിബിയയില്‍ മലയാളി ഐടി ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ വിവരമൊന്നും ലഭിക്കാതെ ബന്ധുക്കള്‍ ആശങ്കയില്‍. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി റെജി ജോസഫിനെയും സംഘത്തെയുമാണ് ട്രിപ്പോളിയില്‍ വെച്ച് അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയത്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും റോജിയെ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
നാലു ദിവസം മുമ്പാണ് കൂരാച്ചുണ്ട് സ്വദേശിയായ റെജി ജോസഫിനെയും സംഘത്തെയും ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലിബിയയിലെ ട്രിപ്പോളിയില്‍ വെച്ച് അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയത്. രണ്ടു വര്‍ഷമായി റെജി കുടുംബത്തോടൊപ്പം ലിബിയയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ ഷിനുജയാണ് റെജിയെ തട്ടിക്കൊണ്ടു പോയ വിവരം നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ ഇതുവരെ റെജിയെക്കുറിച്ചോ കൂടെ തടവിലായ ലിബിയന്‍ സ്വദേശികളെ കുറിച്ചോ വിവരമൊന്നും ലഭിച്ചിട്ടില്ല.
വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ഓഫീസുമായി ബന്ധുക്കള്‍ ബന്ധപ്പെട്ടിരുന്നു. വിഷയത്തില്‍ ഇടപെടാമെന്ന് ഓഫീസ് ഉറപ്പ് നല്‍കിട്ടുണ്ടെങ്കിലും ഇതുവരെ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന ആവശ്യമാണ് ബന്ധുക്കള്‍ മുന്നോട്ട് വെക്കുന്നത്.