പരസ്പരം പുകഴ്ത്തി മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും
|അടൂര്‍ പ്രകാശിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയാണ് ഉമ്മന്‍ചാണ്ടിയും അടൂര്‍പ്രകാശും പരസ്പരം പ്രശംസാ വചനങ്ങള്‍ കൊണ്ട് മൂടിയത്.
പരസ്പരം വാനോളം പുകഴ്ത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അടൂര്‍ പ്രകാശും. അടൂര്‍ പ്രകാശിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയാണ് ഉമ്മന്‍ചാണ്ടിയും അടൂര്‍പ്രകാശും പരസ്പരം പ്രശംസാ വചനങ്ങള്‍ കൊണ്ട് മൂടിയത്. അടൂര്‍ പ്രകാശിന്റെ ഗ്രൂപ്പ് മാറ്റം ചര്‍ച്ചയാവുന്നതിനിടെയാണ് ഇരുവരുടെയും പ്രതികരണം.
രംഗം കോന്നിയിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. വേദിയെ ശ്രദ്ധാകേന്ദ്രമാക്കിയത് യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അടൂര്‍ പ്രകാശും പരസ്പരം വാരിച്ചൊരിഞ്ഞ അളവറ്റ പ്രശംസാ വചനങ്ങള്‍ തന്നെ. അടൂര്‍ പ്രകാശ് തന്റെ മന്ത്രി സഭയ്ക്ക് മുതല്‍ക്കൂട്ടാണെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയില്‍ അംഗമാകാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും മുഖ്യമന്ത്രിയുടെ നിര്‍ബന്ധമാണ് തനിക്ക് കോന്നിയില്‍ മത്സരിക്കാന്‍ ഒരിക്കല്‍ കൂടി അവസരമൊരുക്കിയതെന്നും അടൂര്‍ പ്രകാശും പറഞ്ഞു.
അടൂര്‍ പ്രകാശ് ഐ ഗ്രൂപ്പ് വിട്ട് എ ഗ്രൂപ്പ് പാളയത്തില്‍ ചേക്കേറിയാതായുള്ള ഊഹാപോഹങ്ങള്‍ക്കിടെയാണ് ഇരുവരുടെയും പരസ്പരമുള്ള പ്രശംസ ചൊരിയല്‍ അരങ്ങേറിയത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി ജില്ലയില്‍ ആദ്യം പങ്കെടുത്ത തിരഞ്ഞെടുപ്പ് പൊതു പരിപാടിയാണ് കോന്നിയിലെതെന്നതും ശ്രദ്ധേയം.
എന്നാല്‍ ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കള്‍ക്ക് കാര്യങ്ങള്‍ അത്ര രസിച്ചിട്ടില്ലെന്നാണ് അണിയറ സംസാരം. ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ് കോന്നിയിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. അസാന്നിധ്യം ചര്‍ച്ചയായതോടെ സമയക്കുറവെന്ന വിശദീകരണമാണ് പി മോഹന്‍രാജ് നല്‍കിയത്.