പരവൂര്‍ കമ്പത്തിന് തീകൊടുത്തവര്‍ മദ്യലഹരിയായിരുന്നുവെന്ന് മൊഴി
|പരവൂര്‍ കമ്പത്തിന് തീ കൊടുക്കാനെത്തിയ തൊഴിലാളികള്‍ മദ്യലഹരിയിലായിരുന്നെന്ന് ക്രൈംബ്രാഞ്ചിന്റെ പിടിയിലായ കമ്പക്കാരന്‍ കൊച്ച് മണിയുടെ മൊഴി.
പരവൂര്‍ കമ്പത്തിന് തീ കൊടുക്കാനെത്തിയ തൊഴിലാളികള്‍ മദ്യലഹരിയിലായിരുന്നെന്ന് ക്രൈംബ്രാഞ്ചിന്റെ പിടിയിലായ കമ്പക്കാരന്‍ കൊച്ച് മണിയുടെ മൊഴി. കഴക്കൂട്ടം സുരേന്ദ്രന് എത്തിച്ച തൊഴിലാളികള്‍ പരിചയസമ്പത്തില്ലാത്തവരും മദ്യലഹരിയിലുമായിരുന്നെന്നും ഇതാണ് അപകടത്തിന് വഴിവെച്ചെന്നുമാണ് കൊച്ച് മണി മൊഴിനല്കിയിരിക്കുന്നത്. കൊച്ച് മണിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
പരവൂരില്‍ വെടിക്കെട്ട് ദുരന്തം ഉണ്ടാകാനുള്ള കാരണം സംബന്ധിച്ച് നിര്‍ണായകമായ മൊഴിയാണ് കമ്പക്കാരന്‍ കൊച്ച് മണിയില്‍ നിന്നും ക്രൈം ബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. വെടിക്കെട്ടാശാന്‍ കഴക്കൂട്ടം സുരേന്ദ്രന് കമ്പത്തിന് തീ കൊടുക്കാവാനായി കൊണ്ടുവന്ന അഞ്ച് തൊഴിലാളികളും മദ്യലഹരിയിലായിരുന്നെന്നും ഇതാണ് പരവൂര്‍ ദുരന്തത്തിന് വഴിവച്ചതെന്നുമാണ് കൊച്ച് മണിയുടെ മൊഴി. സുരേന്ദ്രന്റെ തൊഴിലാളികള്‍ പരിചയസമ്പത്തിലാത്തവരായിരുന്നെന്നും കമ്പത്തിന്റെ തുടക്കത്തില്‍ തന്നെ ചെറിയ അപകടം ഉണ്ടായപ്പോള്‍ തങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചെന്നും കൊച്ച് മണിയുടെ മൊഴിയില്‍ പറയുന്നു. പരവൂര്‍ കമ്പത്തിന്റെ നടത്തിപ്പുകാരനായിരുന്ന വര്‍ക്കല കൃഷ്ണന്‍കുട്ടിയുടെ ജ്യേഷ്ഠനാണ് കൊച്ച്മണി. കമ്പത്തിന് നേതൃത്വം നല്കാന് കൊച്ച് മണിയും പരവൂരിലുണ്ടായിരുന്നു.
നേരത്തെ അറസ്റ്റിലായ ക്ഷേത്രഭാരവാഹികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കൊച്ച് മണിയെ കസ്റ്റഡിയെലെടുത്തത്. ഇയാളുടെ അറസ്റ്റ് ക്രൈം ബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. അതേസമയം കൃഷ്ണന്‍കുട്ടിക്കായുള്ള തിരച്ചില്‍ ക്രൈംബ്രാഞ്ച് ഊര്‍ജിതമാക്കിയിരിക്കുകയാണ്. കൃഷ്ണന്‍കുട്ടി കരിമരുന്ന് വിതരണക്കാരുടെ സംഘടനയുടെ സഹായത്താലാണ് ഒളിവില്‍ കഴിയുന്നതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. എഡിഎം അനുമതി നല്‍കിയതിന്റെ ശബ്ദരേഖ കൈയ്യിലുണ്ടെന്ന പറയപ്പെടുന്ന പ്രംലാലിനായും തിരച്ചില്‍ നടന്നുവരികയാണ്.