ജനരക്ഷായാത്ര മൂന്നാം ദിവസത്തില്‍; അമിത് ഷാ പങ്കെടുക്കും
|രാവിലെ മമ്പറത്ത് നിന്നും ആരംഭിക്കുന്ന പദയാത്രയില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുളള നേതാക്കള്‍ പങ്കെടുക്കും
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര ഇന്ന് മൂന്നാം ദിവസത്തിലേക്ക്. രാവിലെ മമ്പറത്ത് നിന്നും ആരംഭിക്കുന്ന പദയാത്രയില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുളള നേതാക്കള്‍ പങ്കെടുക്കും. ഇത് രണ്ടാം ദിവസമാണ് അമിത് ഷാ കണ്ണൂര്‍ ജില്ലയില്‍ യാത്രക്കൊപ്പം അണിചേരുന്നത്. പിണറായി വഴി കടന്നു പോകുന്ന യാത്ര വൈകിട്ട് തലശേരിയില്‍ സമാപിക്കും.
ചുവപ്പ് - ജിഹാദി ഭീകരതക്കെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര മൂന്നാം ദിവസമായ ഇന്ന് മമ്പറത്ത് നിന്നാണ് പ്രയാണം ആരംഭിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുളള കേന്ദ്ര നേതാക്കളും ഇന്ന് ജനരക്ഷാ യാത്രക്കൊപ്പമുണ്ട്. ഇത് രണ്ടാം ദിവസമാണ് അമിത് ഷാ കണ്ണൂര്‍ ജില്ലയില്‍ പദയാത്രക്കൊപ്പം സഞ്ചരിക്കുന്നത്. ഉദ്ഘാടന ദിവസം പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെ ഒന്‍പത് കിലോമീറ്റര്‍ ദൂരം അമിത് ഷാ യാത്രക്കൊപ്പമുണ്ടായിരുന്നു.
രണ്ടാം ദിവസമായ ഇന്നലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിദ്യനാഥും യാത്രയില്‍ പങ്കെടുത്തു. 15 ദിവസം നീണ്ടുനില്‍ക്കുന്ന ജനരക്ഷായാത്ര നാല് ദിവസമാണ് കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തുന്നത്. ഇന്ന് രാവിലെ മമ്പറത്ത് നിന്ന് ആരംഭിക്കുന്ന യാത്ര മുഖ്യമന്ത്രിയുടെ നാടായ പിണറായി വഴി തലശേരിയില്‍ സമാപിക്കും. വൈകിട്ട് തലശേരിയില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ അമിത്ഷാ അടക്കമുളള നേതാക്കള്‍ പ്രസംഗിക്കും.