അവധിയില്‍ പ്രവേശിക്കാനുള്ള തീരുമാനം ഗതാഗത മന്ത്രി തോമസ് ചാണ്ടി പിന്‍വലിച്ചു
|നിയമസഭാ സമ്മേളനം നവംബര്‍ 9ന് തുടങ്ങാന്‍ തീരുമാനിച്ചതിനാലാണ് അവധി മാറ്റിവെച്ചതെന്ന് തോമസ് ചാണ്ടിയുടെ ഓഫീസില്‍ നിന്ന്
ചികിത്സയ്ക്കായി അവധിയില്‍ പ്രവേശിക്കാനുള്ള തീരുമാനം ഗതാഗത മന്ത്രി തോമസ് ചാണ്ടി പിന്‍വലിച്ചു. ഇതിനെത്തുടര്‍ന്ന് തോമസ് ചാണ്ടിയുടെ അവധി അപേക്ഷ മന്ത്രിസഭാ യോഗത്തില്‍ വെച്ചില്ല. നിയമസഭാ സമ്മേളനം നവംബര്‍ 9ന് തുടങ്ങാന്‍ തീരുമാനിച്ചതിനാലാണ് അവധി മാറ്റിവെച്ചതെന്ന് തോമസ് ചാണ്ടിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.
മന്ത്രി തോമസ് ചാണ്ടിയ്ക്കെതിരെയുള്ള ആരോപണങ്ങളിന്മേല് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ മന്ത്രി അവധിയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചത് വലിയ വാര്‍ത്തയായിരുന്നു. മൂന്നാഴ്ചക്കാലത്തെ അവധിയ്ക്കാണ് അപേക്ഷിച്ചിരുന്നതെന്നതുകൊണ്ടു തന്നെ ചട്ടമനുസരിച്ച് വകുപ്പിന്റെ ചുമതല മറ്റൊരാള്‍ക്ക് കൈമാറേണ്ട സാഹചര്യവും നിലനിന്നിരുന്നു. ചികിത്സയ്ക്കായി വിദേശത്തു പോകേണ്ടതിനാലാണ് അവധിയെന്നും അപേക്ഷ നേരത്തെ നല്‍കിയിരുന്നതാണെന്നുമാണ് ഇതു സംബന്ധിച്ച് മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്.
എന്നാല്‍ അടുത്ത ദിവസം തന്നെ അവധി തീരുമാനം മാറ്റാന്‍ മന്ത്രി തീരുമാനിച്ചു. അതിനാല്‍ അവധി അപേക്ഷ മന്ത്രിസഭാ യോഗത്തില്‍ വെച്ചില്ല. നിയമസഭാ സമ്മേളനം അടുത്ത മാസം 8ന് ആരംഭിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് അവധിയെടുക്കാനുള്ള തീരുമാനം മാറ്റിയതെന്നാണ് ഇക്കാര്യത്തില്‍ മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.