പി എസ് സി: ട്രാന്‍സ്ജെന്‍ഡേഴ്സിന് പ്രത്യേക കോളം വേണമെന്ന് ആവശ്യം
|മറ്റുള്ളവര്‍ എന്ന പേരില്‍ ലിംഗഭേതം രേഖപ്പെടുത്താന്‍ അവസരമൊരുക്കണമെന്നാണ് ആവശ്യമുയരുന്നത്. ട്രാന്‍സ്ജെന്‍ററുകള്ക്ക്‍ അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ പിഎസ്‍സിയോട് ആവശ്യപ്പെടുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ മീഡിയവണിനോട്..
പി എസ് സി പരീക്ഷയുടെ അപേക്ഷയില്‍ ട്രാന്ഡസ്ജെന്റര്‍ വിഭാഗത്തിന് പ്രത്യേക കോളം അനുവദിക്കണമെന്ന് ആവശ്യം. മറ്റുള്ളവര്‍ എന്ന പേരില്‍ ലിംഗഭേതം രേഖപ്പെടുത്താന്‍ അവസരമൊരുക്കണമെന്നാണ് ആവശ്യമുയരുന്നത്. ട്രാന്‍സ്ജെന്‍ററുകള്ക്ക്‍ അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ പിഎസ്‍സിയോട് ആവശ്യപ്പെടുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ മീഡിയവണിനോട് പറഞ്ഞു.
അപേക്ഷിക്കാന്‍ പ്രത്യേക കോളമില്ലാത്തതിനാല്‍ പി എസ് സി പരീക്ഷ എഴുതാനാവുന്നില്ലെന്ന് കാട്ടി കൊച്ചി ഇടപ്പള്ളി സ്വദേശി നല്‍കിയ ഹരജിയില്‍ വനിതാ കോളത്തില്‍ ഉള്‍പെടുത്തി ഇത് അനുവദിക്കാമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ട്രാന്‍സ് ജെന്‍ഡര്‍ പോളിസി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. എന്നിട്ടും പി എസ് സി മാത്രം ട്രാന്‍സ്ജെഡര്‍ സൌഹൃദ നയം സ്വീകരിക്കാത്തത് വിവേചനപരമാണെന്നാണ് ഈ വിഭാഗത്തില്‍ പെട്ടവരുടെ നിലപാട്. മറ്റിടങ്ങളില്‍ ഈ വിവേചനത്തിന് അറുതി വന്നിട്ടും പി എസ് എസിയില്‍ കാര്യങ്ങള്‍ പഴയപടിയാണ്.
സര്‍ക്കാര്‍ നിര്‍ദേശമില്ലാതെ പ്രത്യേക കോളം അനുവദിക്കാനാവില്ലെന്നാണ് പബ്ലിക് സര്‍വീസ് കമ്മീഷന്റെ നിലപാട്. 2014-ലെ ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ വിദ്യാഭ്യാസ, തൊഴില്‍ അവകാശങ്ങള്‍ സംബന്ധിച്ച സുപ്രീംകോടതി വിധി പ്രകാരം സര്‍ക്കാരിന് ഇക്കര്യത്തില്‍ ഉചിതമായ ക്രമീകരണമൊരുക്കാന്‍ നിര്‍ദേശം നല്‍കാമെന്ന് നിയമ വിദഗ്ദര്‍ പറയുന്നു.
ഹരജിക്കാര്‍ക്ക് താല്‍കാലിക ആശ്വാസമെന്ന നിലയ്ക്കാണ് ഹൈകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമവ്യവഹാരത്തിന് പോകേണ്ട സ്ഥിതിയാണ്.