സ്വകാര്യ ബസുകളെ ജിപിഎസ് സംവിധാനം വഴി കൊച്ചി-വണ്‍ മൊബൈല്‍ ആപ്പുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം
|ഏപ്രില്‍ ഒന്നു മുതല്‍ പദ്ധതി പൂര്‍ണ തോതില്‍ നടപ്പാക്കാനാണ് ശ്രമം
കൊച്ചിയിലെ ആയിരത്തോളം സ്വകാര്യ ബസുകളെ ജിപിഎസ് സംവിധാനം വഴി കൊച്ചി-വണ്‍ മൊബൈല്‍ ആപ്പുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം. ഏഴ് സ്വകാര്യ ബസ് കമ്പനികളുടെ കൂട്ടായ്മായായ UMTCയുമായി KMRL ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഏപ്രില്‍ ഒന്നു മുതല്‍ പദ്ധതി പൂര്‍ണ തോതില്‍ നടപ്പാക്കാനാണ് ശ്രമം.
കൊച്ചി മെട്രോയ്ക്ക് അനുബന്ധ സര്‍വീസുകള്‍ നടപ്പാക്കി നഗരത്തില്‍ ഏകീകൃത പൊതു ഗതാഗത സംവിധാനമൊരുക്കാനുള്ള പദ്ധതിക്ക് കെഎംആര്‍എല്‍ നേരത്തെ തന്ന തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായി കൊച്ചി മെട്രോയുടെയും ഫീഡര്‍ സര്‍വീസുകളുടെയും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി തുടങ്ങുന്ന കൊച്ചി വണ്‍ എന്ന ആപുമായി നഗരത്തിലെ സ്വകാര്യ ബസുകളെ ജിപിഎസ് സംവിധാനത്തിലൂടെ ബന്ധിപ്പിക്കും. മൊബൈല്‍ ആപ്പ് വഴി നഗരത്തിലെ വിവധയിടങ്ങളിലേക്കുള്ള ബസുകളുടെ സമയക്രമം, റൂട്ട്, ലൈവ് ലൊക്കേഷന്‍ എന്നിവ ലഭിക്കും. നഗരത്തിലൂടെയുള്ള യാത്ര ആസൂത്രണം ചെയ്യാന്‍ ആര്‍ക്കും ആപ്പ് ഉപയോഗിക്കാനാവുന്ന തരത്തിലാണ് ക്രമീകരണം. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കെഎസ്ആർടിസി ബസുകളും ഇതര ടാക്സി സര്‍വീസുകളും ഉള്‍പ്പെടുത്തും.