ശ്രീജിത്തിന്റെ സമരം: പിണറായിയെ കുറ്റപ്പെടുത്തുന്നത് ന്യായമല്ലെന്ന് കെ സുരേന്ദ്രന്; ചെന്നിത്തല കാണിച്ചത് മനസാക്ഷിയില്ലാത്ത പണി
|ശ്രീജിത്ത് എന്ന യുവാവ് 764 ദിവസമായി നടത്തുന്ന സമരത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്.
പൊലീസ് കസ്റ്റഡിയില്‍ മരിച്ച സഹോദരന് നീതി തേടി സെക്രട്ടറിയേറ്റിന് മുന്നില്‍ ശ്രീജിത്ത് എന്ന യുവാവ് 764 ദിവസമായി നടത്തുന്ന സമരത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്. ഒരുപാട് പേര് നിര്‍ബന്ധിച്ചിട്ടും ശ്രീജിത്തിനെ സന്ദര്‍ശിക്കാത്തത് മനസാക്ഷിക്കുത്തുകൊണ്ടാണെന്ന് സുരേന്ദ്രന് പറയുന്നു.
''എഴുന്നൂറു ദിവസത്തിലധികം ഒരു ചെറുപ്പക്കാരൻ നീതിക്കുവേണ്ടി നിലവിളിച്ചിട്ടും ഇന്നിപ്പോൾ വിലപിക്കുന്ന ആരും തിരിഞ്ഞുനോക്കിയിട്ടില്ല. രാഷ്ട്രീയനേതാക്കളും സിനിമാ നടൻമാരും നവമാധ്യമസദാചാരക്കാരും ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്നോടുതന്നെ ഏറ്റവും പുച്ഛം തോന്നിയ സംഭവമാണിത്.'' - സുരേന്ദ്രന് പറഞ്ഞു. രമേശ് ചെന്നിത്തല ഇന്നു കാണിച്ചതുപോലുള്ള മനസാക്ഷിയില്ലാത്ത പണിക്കു പോകാൻ പറ്റാത്തതുകൊണ്ടുമാത്രമാണ് പോകാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നിത്തലയുടെ കാലത്താണ് ശ്രീജിത്തിന്റെ സഹോദരൻ കൊലചെയ്യപ്പെട്ടത്. അദ്ദേഹത്തിന്റെ പൊലീസാണ് എല്ലാം തേച്ചുമാച്ചുകളഞ്ഞതും. ഇക്കാര്യത്തിൽ പിണറായിയെ കുറ്റപ്പെടുത്തുന്നത് ന്യായവുമല്ലെന്ന് പറഞ്ഞ അദ്ദേഹം ശ്രീജിത്തിനോട് ഹൃദയത്തിൽതൊട്ട് ക്ഷമ ചോദിക്കുന്നുവെന്നും ഫേസ്ബുക്കില്‍ കുറിച്ചു.