ഭൂമിയിടപാട് കേസ്: സഭാ സിനഡ് രണ്ടാഴ്ചക്കകം
|അപ്പീല്‍ അനുവദിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ സഭാ നേതൃത്വം
ഭൂമിയിടപാട് കേസില്‍ സീറോ-മലബാര്‍ സഭയ്ക്കുള്ളില്‍ ആഭ്യന്തര പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ സിനഡ് വിളിച്ചു ചേര്‍ക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കര്‍ദ്ദിനാളിനെതിരെ പൊലീസ് കേസെടുത്തെങ്കിലും തിരക്കിട്ട് കടുത്ത നടപടികളിലേക്ക് കടന്നേക്കില്ലെന്നാണ് സഭാ നേതൃത്വത്തിന്റെ പ്രതീക്ഷ. അതേസമയം കര്‍ദ്ദിനാളിനെ അനൂകൂലിച്ച് ഒരുവിഭാഗം വിശ്വാസികള്‍ ഇന്ന് എറണാകുളത്ത് യോഗം ചേരും.
കൃത്യമായ മുന്നൊരുക്കത്തോടെ സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് സഭാ നേതൃത്വത്തിനുള്ളത്. വെള്ളിയാഴ്ചയാണ് കര്‍ദ്ദിനാളിന്റെ ഹരജി കോടതി പരിഗണിക്കുക. സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യം കോടതി അംഗീകരിച്ചാലും എതിര്‍പക്ഷം നിലപാടില്‍ നിന്ന് പിന്നോട്ട് പോവില്ല. കര്‍ദ്ദിനാള്‍ ക്രിമിനല്‍ കേസിലെ പ്രതിപ്പട്ടികയില്‍ ഇടംപിടിച്ചതോടെ അടിയന്തിര സഭാ സിനഡ് വിളിച്ചു ചേര്‍ക്കാന്‍ തീരുമാനമായിരുന്നു. രണ്ടാഴ്ചയ്ക്കകം സിനഡ് ചേരാനാണ് നീക്കം.
ഭൂമികച്ചവട വിവാദത്തില്‍ കലഹിച്ചു നില്‍ക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികരെ അനുനയിപ്പിക്കാന്‍ കെസിബിസി അടക്കം രംഗത്തിറങ്ങിയെങ്കിലും ഫലം കണ്ടില്ല. സമ്പൂര്‍ണ സിനഡ് ഭൂമിയിടപാട് വിവാദം മാത്രം പ്രധാന അജണ്ടയായി തീരുമാനിച്ച് യോഗം ചേരാനാണ് ധാരണ. അതേസമയം കര്‍ദ്ദിനാളിനെ അനുകൂലിച്ച് ഒരു വിഭാഗം വിശ്വാസികള്‍ എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ ഇന്ന് യോഗം ചേരും. സഭയിലെ മുതിര്‍ന്ന അല്മായ നേതാക്കളെ അണിനിരത്തിയാണ് ഒരുവിഭാഗം കര്‍ദിനാളനുകൂലികളുടെ യോഗം.