Kerala
കേരളം ഇടത്തോട്ടെന്ന് എക്സിറ്റ് പോള്‍ സര്‍വെകള്‍കേരളം ഇടത്തോട്ടെന്ന് എക്സിറ്റ് പോള്‍ സര്‍വെകള്‍
Kerala

കേരളം ഇടത്തോട്ടെന്ന് എക്സിറ്റ് പോള്‍ സര്‍വെകള്‍

admin
|
13 May 2018 6:53 AM GMT

സംസ്ഥാനത്ത് ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. എല്‍ഡിഎഫിന് 88 മുതല്‍ 101 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് വിവിധ സര്‍വ്വേകള്‍; ബിജെപിക്ക് മൂന്ന് സീറ്റുകള്‍; വി എസ് മുഖ്യമന്ത്രിയാകുമെന്നും പ്രവചനം.

‍കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഇന്ത്യടുഡേ - ആക്സിസ് മൈ ഇന്ത്യ, ചാണക്യ എക്സിറ്റ് പോള്‍ ഫലങ്ങളനുസരിച്ച് എല്‍ഡിഎഫ് 88 മുതല്‍ 101 സീറ്റുകള്‍ വരെ നേടിയേക്കും. ബിജെപി മൂന്ന് സീറ്റ് വരെ നേടുമെന്നും പ്രവചനമുണ്ട്. വി എസ് അച്യുതാനന്ദന്‍ അടുത്ത മുഖ്യമന്ത്രിയായേക്കുമെന്നും 49 ശതമാനം പേര്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട് എന്ന സൂചനയുമാണ് എക്സിറ്റ് പോളുകള്‍ നല്‍കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേട്ടമുണ്ടാക്കുമെന്ന് തന്നെയാണ് പുറത്തുവന്ന എല്ലാ സര്‍വെ ഫലങ്ങളും നല്‍കുന്ന സൂചന. ഇന്ത്യാ ടുഡേ - ആക്സിസ് മൈ ഇന്ത്യ, ചാണക്യ, ഇന്ത്യ ടിവി എന്നീ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇടതിന് 88 മുതല്‍ 101 സീറ്റുവരെ ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. യുഡിഎഫിന് 38 മുതല്‍ 48 വരെ സീറ്റുകളും ബിജെപി മൂന്ന് സീറ്റ് വരെയും നേടിയേക്കുമെന്നും പറയുന്നു. മറ്റുള്ളവര്‍ നാല് സീറ്റുവരെയും നേടിയേക്കാം. മുഖ്യമന്ത്രിയായി വിഎസ് വരുമെന്നും ഇക്കാര്യമാഗ്രഹിക്കുന്നവര്‍ 35 ശതമാനമാണെന്നും ചാണക്യ സര്‍വെ പറയുന്നു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവര്‍ 34ലും ഭരണമാറ്റം ആഗ്രഹിക്കുന്നവര്‍ 49 ശതമാനവുമാണ്.

30 ശതമാനം ക്രിസ്ത്യന്‍ വോട്ട് എല്‍ഡിഎഫിന് ലഭിച്ചെന്നും 57 ശതമാനം മുസ്ലീം സമുദായ അംഗങ്ങള്‍ യുഡിഎഫിനൊപ്പം നിന്നതായും സര്‍വെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 10 ശതമാനം വോട്ടുകള്‍ നേടിയ ബിജെപിക്ക് വോട്ട് ഇത്തവണ 9 ശതമാനമായി കുറയുമെന്നും ചാണക്യ പറയുന്നു. ടൈംസ് നൌ എക്സിറ്റ് പോള്‍ ഫലം എല്‍ഡിഎഫിന് 78ളം യുഡിഎഫിന് 58ഉം ബിജെപിക്കും മറ്റുള്ളവര്‍ക്കും രണ്ട് സീറ്റുമാണ് പ്രവചിക്കുന്നത്. സീ വോട്ടര്‍ എല്‍ഡിഎഫിന് 82 സീറ്റ് വരെയും യുഡിഎഫിന് 62ഉം ബിജെപിക്കും മറ്റുള്ളവര്‍ക്കും 4 സീറ്റും ലഭിക്കുമെന്നും പറയുന്നു.

Similar Posts