സ്വകാര്യ മെഡിക്കല്‍ കോളജിന് നിലംനികത്താന്‍ അനുമതി; ഉത്തരവ് റദ്ദാക്കിയേക്കും
|ഹരിപ്പാട് പ്രഖ്യാപിച്ച സ്വകാര്യ പങ്കാളിത്തതോടെയുള്ള മെഡിക്കല്‍ കോളജിന് നിലം നികത്താന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയതിന്റെ രേഖകള്‍ പുറത്ത്.
ഹരിപ്പാട് ആരംഭിക്കാനിരുന്ന സ്വകാര്യ മെഡിക്കല്‍ കോളജ് പദ്ധതി പുനപ്പരിശോധിക്കാന്‍ പുതിയ സര്‍ക്കാരിന്റെ തീരുമാനം. മെഡിക്കല്‍ കോളജിനായി ഏറ്റെടുത്ത ഏക്കര്‍ കണക്കിന് ഭൂമി ചട്ടം മറികടന്ന് നികത്താനുളളള മുന്‍ സര്‍ക്കാര്‍ നിര്‍ദേശം റദ്ദാക്കിയേക്കും. മെഡിക്കല്‍ കോളജിനായി നബാര്‍ഡില്‍ നിന്ന് വായ്പയെടുക്കാനാകില്ലെന്നാണ് ധനവകുപ്പ് നിലപാട്. നിലം നികത്താനുളള മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ രേഖകള്‍ മീഡിയവണിന് ലഭിച്ചു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് സിയാല്‍ മോഡലില്‍ ഹരിപ്പാട് കരുവാറ്റയില്‍ മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെഡിക്കല്‍ കോളജിന്റെ ശിലാസ്ഥാപനവും നടത്തി. സ്ഥലമെടുപ്പ് നടപടികളും കഴിഞ്ഞ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരുന്നു. നെല്‍ വയല്‍ ഉള്‍പ്പെടുന്ന ഏക്കര്‍ കണക്കിന് ഭൂമി ചട്ടങ്ങള്‍ പാലിക്കാതെ നികത്താനാണ് കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഈ ഉത്തരവ് പുനപ്പരിശോധിക്കാനാണ് റവന്യൂ വകുപ്പ് തീരുമാനം.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നബാര്‍ഡില്‍ നിന്ന് 300 കോടി രൂപ വായ്പയെടുക്കാനുള്ള കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ലെന്നാണ് ധനവകുപ്പ് നിലപാട്. സ്വകാര്യ മേഖലക്ക് നടത്തിപ്പ് അവകാശമുളള സ്ഥാപനത്തിലെ സര്‍ക്കാര്‍ പങ്കാളിത്തത്തെ ചൊല്ലിയും ആദ്യം മുതലേ വിവാദമുണ്ടായിരുന്നു. ഇക്കാര്യത്തിലും പുതിയ സര്‍ക്കാരിന് എതിര്‍പുണ്ട്.
നിലം ഏറ്റെടുക്കല്‍ റിപ്പോര്‍ട്ട് യുഡിഎഫ് സര്‍ക്കാര്‍ പൂഴ്ത്തിയിരിക്കുകയായിരുന്നു. ഫെബ്രുവരി 18ന് തയാറാക്കിയ ഉത്തരവ് വിവാദമാകുമെന്ന ഭയത്തില്‍ കഴിഞ്ഞമാസം 25 നാണ് പുറത്തുവിട്ടത്. കരുവാറ്റ വഴിയമ്പലം പവര്‍ഹൗസിന് സമീപം 99 ഉടമകളില്‍നിന്നായി ഭൂമി ഏറ്റെടുക്കാനും നികത്താനുമായിരുന്നു നീക്കം. ടാര്‍ റോഡിന് സമീപത്തെ ഏക്കറു കണക്കിനു വയല്‍ ഭൂമി അഞ്ചു പേരില്‍നിന്നാണ് ഏറ്റെടുക്കുന്നത്. ഇതിന് ഏക്കറിന് 1.42 ലക്ഷമാണ് നല്‍കുന്നത്. മണ്ണുറോഡിന് സമീപത്തെ നിലത്തിന് ഏക്കറിന് 1.34 ലക്ഷം നല്‍കും.ഡാറ്റാ ബാങ്കില്‍ ഇത് നിലമാണോ കരഭൂമിയാണോയെന്ന് വ്യക്തമല്ല. പൊതു ആവശ്യത്തിന് നിലം നികത്താമെന്ന നെല്‍വയല്‍ - നീര്‍ത്തട സംരക്ഷണനിയമത്തിലെ വ്യവസ്ഥ ഉപയോഗപ്പെടുത്തിയാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് നിലം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഇതില്‍ തണ്ണീര്‍ത്തടമുണ്ടോയെന്നും വ്യക്തമാക്കിയിട്ടില്ല. തണ്ണീര്‍ത്തടമുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് അതില്‍ തീരുമാനമെടുക്കാനുള്ള അധികാരവുമില്ല എന്നിരിക്കെയാണ് ഉത്തരവിറങ്ങിയത്.