സര്‍ക്കാര്‍ ആവശ്യത്തിന് സ്വകാര്യ ഭൂമി ഏറ്റെടുക്കാമെന്ന് നിയമോപദേശം
|മലാപറമ്പ് ഉള്‍പ്പെടെ നാല് സ്കൂളുകള്‍ ഏറ്റെടുക്കാന്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാര്‍ പ്രമേയം കൊണ്ടുവരും
സര്‍ക്കാര്‍ ആവശ്യത്തിന് സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുക്കാമെന്ന് അഡ്വക്കറ്റ് ജനറല്‍ സുധാകരപ്രസാദ് സര്‍ക്കാറിന് നിയമോപദേശം നല്‍കി. അടുത്ത നിയമസഭ സമ്മേളനത്തില്‍ പ്രമേയം കൊണ്ടുവന്ന് മലാപറമ്പ് ഉള്‍പ്പെടെ അടച്ചുപൂട്ടിയ നാല് സ്കൂളുകളും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ ഉത്തരവിറക്കി സ്കൂള്‍ ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
പൊന്നുംവില തന്നാലും സ്കൂള്‍ വിട്ടുകൊടുക്കില്ലെന്നായിരുന്നു മലാപറമ്പ് സ്കൂള്‍ മാനേജറുടെ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ ആവശ്യത്തിന് ഭൂമി ഏറ്റെടുക്കാമെന്നാണ് അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാറിന് നിയമോപദേശം നല്‍കിയത്. ഭൂവുടമാവകാശം വ്യക്തിയുടെ മൌലികാവകാശമല്ല. സ്വഭാവികമായും പൊതുവിദ്യാലയം ഏറ്റെടുക്കാന്‍ സര്‍ക്കാറിന് അവകാശമുണ്ട്. ഇതിനായി അടുത്ത നിയമസഭ സമ്മേളനത്തില്‍ പ്രമേയം പാസാക്കി പുതിയ ഉത്തരവിറക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മലാപറമ്പ് ഉള്‍പ്പെടെ നാല് സ്കൂളുകളും ഏറ്റുടുക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ജില്ലാ കളക്ടര്‍മാരെ ഇതിനായി ചുമതലപ്പെടുത്തും. മാനജര്‍മാര്‍ കോടതിയെ സമീപിച്ചാലും സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്യാനാകില്ല. നഷ്ടപരിഹാരം സംബന്ധിച്ച് തര്‍ക്കിക്കാമെന്നല്ലാതെ സ്കൂള്‍ ഏറ്റെടുക്കല്‍ നടപടി നിയമപരമായി ചോദ്യം ചെയ്യാന്‍ മാനേജര്‍മാര്‍ക്കാകില്ലെന്നാണ് എജി സര്‍ക്കാറിന് നല്‍കിയ നിയമോപദേശം.