വരുമോ ഒരു വിദ്യാര്‍ഥിയെങ്കിലും; പത്താനപുരം ഗവണ്‍മെന്റ് എച്ച്ബിഎംഎല്‍പിഎസ് സ്കൂള്‍ കാത്തിരിക്കുന്നു
|ഒരു വിദ്യാര്‍ഥിയെങ്കിലും ഈ വര്‍ഷം സ്കൂളിന്റെ പടികടന്നെത്തുമെന്ന പ്രതീക്ഷയിലാണ് പത്താനപുരം ഗവണ്‍മെന്റ് എച്ച്ബിഎംഎല്‍പിഎസ് സ്കൂള്‍...
ഒരു വിദ്യാര്‍ഥിയെങ്കിലും ഈ വര്‍ഷം സ്കൂളിന്റെ പടികടന്നെത്തുമെന്ന പ്രതീക്ഷയിലാണ് പത്താനപുരം ഗവണ്‍മെന്റ് എച്ച്ബിഎംഎല്‍പിഎസ് സ്കൂള്‍... അധ്യയന വര്‍ഷം രണ്ടാഴ്ച പിന്നിട്ടിട്ടും ആരും ഇവിടേക്കെത്തിയിട്ടില്ല. ഒഴിഞ്ഞ ക്ലാസ് മുറികള്‍ക്ക് കാവലിരുന്ന് മടങ്ങുകയാണ് ഒരു അധ്യാപികയും രണ്ട് ജീവനക്കാരും.
പാഠം ഒന്ന് .. പക്ഷേ പഠിക്കുവാന്‍ ഒരു വിദ്യാര്‍ത്ഥി പോലും എത്തുന്നില്ല. അധ്യയന വര്‍ഷം തുടങ്ങി 14 ദിവസമായിട്ടും ഇതാണ് പത്താനപുരം എച്ച് ബി എം എല്‍പിഎസിന്‍റെ അവസ്ഥ. ഇക്കൊല്ലം ആരും ഇവിടെ ചേര്‍ന്നിട്ടില്ല. ആദ്യ ദിവസം വന്ന ഒരു കുട്ടി കൂട്ടുകാരില്ലന്ന് അറിഞ്ഞതോടെ മടങ്ങി. പ്രധാന അധ്യാപിക സുമിത്രയും ഭക്ഷണം വയ്ക്കാനെത്തുന്ന ആയയും ഒരു ഓഫീസ് ജീവനക്കാരിയുമാണ് ദിവസവും സ്‌കൂളിലെത്തുന്നവര്‍.
തൊട്ടടുത്ത് രണ്ട് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ വളര്‍ന്ന് പന്തലിച്ചതോടെയാണ് എച്ച്ബിഎംഎല്‍പിഎസ് എന്ന സര്‍ക്കാര്‍ സ്‌കൂളിന് ഈ ഗതി വന്നത്. അധ്യാപകരെ നിയോഗിക്കാതായതോടെ തകര്‍ച്ച ഏതാണ്ട് പൂര്‍ണമായി.
രജിസ്റ്റര്‍ പ്രകാരം മൂന്ന് വിദ്യാര്‍ത്ഥികള്‍ മാത്രമുള്ള സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഏതു സമയവും ആളെത്തിയേക്കുമെന്ന ആശങ്കയിലാണ് പ്രധാന അധ്യാപികയും ജീവനക്കാരും.