Kerala
കരിപ്പൂര്‍ വിമാനത്താവള വികസനം: ഭൂമി ഏറ്റെടുക്കുമെന്ന് പിണറായി; എതിര്‍ക്കുമെന്ന് സമരസമിതികരിപ്പൂര്‍ വിമാനത്താവള വികസനം: ഭൂമി ഏറ്റെടുക്കുമെന്ന് പിണറായി; എതിര്‍ക്കുമെന്ന് സമരസമിതി
Kerala

കരിപ്പൂര്‍ വിമാനത്താവള വികസനം: ഭൂമി ഏറ്റെടുക്കുമെന്ന് പിണറായി; എതിര്‍ക്കുമെന്ന് സമരസമിതി

admin
|
13 May 2018 11:23 AM GMT

കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ സമരസമിതി

കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ സമരസമിതി. മുന്‍കാലങ്ങളില്‍ കരിപ്പൂരില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ഇന്നത്തെ അവസ്ഥ എന്താണെന്ന് പഠിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അപ്രായോഗികവും അനാവശ്യവുമായ കുടിയൊഴിപ്പിക്കല്‍ ഒരു നിലക്കും അനുവദിക്കില്ലെന്നും സമരസമിതി ചെയര്‍മാന്‍ ചുക്കാന്‍ മുഹമ്മദലി പറഞ്ഞു. ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമാനത്താവളത്തിന്റെ അശാസ്ത്രീയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതി പോലും ലഭിക്കില്ലെന്നിരിക്കെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കാന്‍ തങ്ങള്‍ ഒരുക്കമല്ലെന്ന് സമരസമിതി ചെയര്‍മാന്‍ ചുക്കാന്‍ മുഹമ്മദലി എന്ന ബിച്ചു പറഞ്ഞു. കഴിഞ്ഞ 13 വര്‍ഷങ്ങളായി കരിപ്പൂര്‍ നിവാസികള്‍ വിമാനത്താവളത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കലിന് വിധേയരായികൊണ്ടിരിക്കുകയാണ്. എന്നാല്‍ അവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു പദ്ധതിയും ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. അറ്റക്കുറ്റപ്പണികള്‍ക്കായി അടച്ചിടുന്നതിനു മുമ്പുള്ള അവസ്ഥയില്‍ വിമാനത്താവളം നിലനിറുത്താന്‍ റണ്‍വേ വികസനം അനിവാര്യമാണെങ്കില്‍ അതിനാവശ്യമായ സ്ഥലം എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കൈവശം ഇപ്പോഴേ ഉണ്ടെന്നിരിക്കെ ജനങ്ങള്‍ തിങ്ങിതാമസിക്കുന്ന പ്രദേശത്ത് നിന്നും അവരെ കുടിയൊഴിപ്പിച്ച് ഇനിയും സ്ഥലം ഏറ്റെടുക്കുമെന്ന് പറയുന്നത് അനുവദിക്കാനാവില്ല. ഘട്ടം ഘട്ടമായി ജനങ്ങളെ കുടിയൊഴിപ്പിക്കുക എന്ന തന്ത്രമാണ് സര്‍ക്കാര്‍ നാളിതുവരെ സ്വീകരിച്ചു പോരുന്നത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും എന്നാല്‍ വിമാനത്താവള വികസനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഏതു നിലക്കുള്ള സഹകരണങ്ങള്‍ നല്‍കാനും പരിസരവാസികള്‍ തയ്യാറാണെന്നും സമരസമിതി ചെയര്‍മാന്‍ അറിയിച്ചു. ജിദ്ദയിലെ കൊണ്ടോട്ടി മേലങ്ങാടി വെല്‍ഫയര്‍ അസോസിയേഷന്‍ ഭാരവാഹികളായ ചുള്ളിയന്‍ ബഷീര്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Similar Posts