ഗാന്ധിപ്രതിമ വൃത്തിയാക്കി എസ്ബിടി ജീവനക്കാരുടെ പ്രതിഷേധം
|താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം
രാഷ്ട്രപിതാവിന്റെ പ്രതിമ വൃത്തിയാക്കി എസ്ബിടി ബാങ്കിലെ ജീവനക്കാരുടെ പ്രതിഷേധം. എസ്ബിടി ബാങ്കിനെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിനു മുന്നോടിയായി താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ വിവിധ തസ്തികയിലുള്ളവരാണ് കോട്ടയത്ത് വ്യത്യസ്ത സമരമാര്‍ഗവുമായി പ്രതിഷേധിച്ചത്.
അഞ്ചു വര്‍ഷം മുതല്‍ പതിനഞ്ചു വര്‍ഷം വരെ ബാങ്കില്‍ താല്ക്കാലിക ജീവനക്കാരായി സ്വീപ്പര്‍ തസ്തികയിലടക്കം ജോലി ചെയ്യുന്ന ആയിരത്തി അഞ്ഞൂറിലേറെ ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപിടക്കെതിരെയായിരുന്നു വ്യത്യസ്ത സമരം. കോട്ടയത്തെ എസ്ബിടി ബാങ്കിന്റെ പ്രധാന ശാഖയില്‍ നിന്ന് പ്രകടനമായാണ് ജീവനക്കാര്‍ ഗാന്ധിപ്രതിമയ്ക്കു മുന്‍പിലെത്തി സമരം ചെയ്തത്. കാലങ്ങളോളം ബാങ്ക് കെട്ടിടങ്ങളെ വൃത്തിയാക്കി സൂക്ഷിച്ചവര്‍ പൊതുവഴിയും ഗാന്ധിപ്രതിമയുടെ പരിസരവും തൂത്തുവൃത്തിയാക്കിയാണ് അവരുടെ പ്രതിഷേധമറിയിച്ചത്.
സ്വീപ്പര്‍, പ്യൂണ്‍ തസ്തികകള്‍ പുറംകരാറുകാര്‍ക്ക് നല്‍കാനാണ് നീക്കമെന്നും അതിനെ എന്തുവിലകൊടുത്തു ചെറുക്കുമെന്നും ജീവനക്കാര്‍ പറയുന്നു. കേരളത്തില്‍ ആസ്ഥാനമുള്ള ഏക പൊതുമേഖലാ വാണിജ്യ ബാങ്കായ എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജീവനക്കാര്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.