പള്ളിയോടം മറിഞ്ഞ് കാണാതായവരുടെ മൃതദേഹം കണ്ടെത്തി
|ചെങ്ങന്നൂര്‍ സ്വദേശികളായ രാജീവ്, വിശാഖ് എന്നിവരുടെ മൃതദേഹം ലഭിച്ചത്
ആറന്മുളയില്‍ പള്ളിയോടം മറിഞ്ഞ് കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ആറന്മുള വള്ളസദ്യയ്ക്കായി എത്തിയ കീഴ്ചേരിമേല്‍ പള്ളിയോടം മറിഞ്ഞ് കാണാതായ ചെങ്ങന്നൂര്‍ സ്വദേശികളായ രാജീവ് തോണ്ടിയത്ത്, വിശാഖ് രാധാകൃഷ്ണന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
ഞായറാഴ്ച ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യ വഴിപാടിനെത്തിയ പള്ളിയോടം ക്ഷേത്രക്കടവിലേക്ക് അടുപ്പിക്കവേ നിയന്ത്രണംവിട്ട് മറിഞ്ഞാണ് രണ്ട് പേരെ കാണാതായത്. ആദ്യഘട്ടത്തില്‍ നാട്ടുകാരും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തി. പിന്നീട് ഇന്നലെ മുഴുവന്‍ നേവിയുടെ സംഘവും കൊല്ലം ഫിഷിങ് ഹാര്‍ബറില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ദരും രാത്രിവരെ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും അപകടത്തില്‍ പെട്ടവരെ കണ്ടെത്താനായിരുന്നില്ല.
തുടര്‍ന്ന് ഇന്നലെ രാത്രി പള്ളിയോടം ഭാരവാഹികള്‍ ബോട്ടില്‍ നടത്തിയ തിരച്ചിലിലാണ് പത്തരയോടെ പമ്പയാറ്റിലെ ആറാട്ടുപുഴയ്ക്കും പുത്തന്‍കാവിനും ഇടയിലുള്ള കടവില്‍ നിന്ന് മുകള്‍ക്കരയിലേക്ക് ഒഴുകിവന്ന നിലയില്‍ രാജീവിന്‍റെ മൃതദേഹം കണ്ടെടുത്തത്. തുടര്‍ന്ന് രാത്രി മുഴുവന്‍ പള്ളിയോടം ഭാരവാഹികള്‍ തിരച്ചില്‍ നടത്തുകയും വെളുപ്പിന് ഒന്നരയോടെ മാലക്കരയില്‍ നിന്ന് വിശാഖിന്‍റെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു. ഇരുവരുടേയും മൃതദേഹങ്ങള്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മാര്‍ട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയക്കിയതിന് ശേഷം രാജീവിന്റെ സംസ്കാരം ഇന്നും വിശാഖിന്റെ സംസ്കാരം നാളെയും വീട്ട്‌വളപ്പില്‍ നടക്കും