മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജ് അടച്ചുപൂട്ടാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്
|അഗ്നി സുരക്ഷാ വിങാഗവും മുക്കം നഗരസഭ സെക്രട്ടറിയും നല്‍കിയ നോട്ടീസുകള്‍ കോളജ് അവഗണിച്ചതിനാലാണ് നടപടി
അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയ കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് അടച്ചുപൂട്ടാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. ഫയര്‍ഫോഴ്സും മുക്കം നഗരസഭയും നിരന്തരം നോട്ടീസുകള്‍ നല്‍കിയിട്ടും അവഗണിച്ച സാഹചര്യത്തിലാണ് കളക്ടറുടെ ഉത്തരവ്.
മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജ് കാംപസിലെ ബഹുനില കെട്ടിടങ്ങള്‍ അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിര്‍മ്മിച്ചിട്ടുള്ളത്.തീപിടുത്തമുണ്ടാകുന്ന പക്ഷം രക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യമായ 11 ക്രമീകരണങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നു തവണയാണ് ഫയര്‍ഫോഴ്സിന്റെ കോഴിക്കോട് അസിസ്റ്റന്‍റ് ഡിവിഷണല്‍ ഓഫീസര്‍ കെഎംസിടിക്ക് നോട്ടീസ് നല്‍കിയിരുന്നു.
നോട്ടീസുകള്‍ കെഎംസിടി അവഗണിച്ചതിനെ തുടര്‍ന്ന് മുക്കം നഗരസഭാ സെക്രട്ടറിക്ക് അഗ്നിസുരക്ഷാ വിഭാഗം നോട്ടീസ് നല്‍കി.നഗരസഭാ സെക്രട്ടറി കഴിഞ്ഞ മാസം 28 ന് കോളജിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. പത്ത് ദിവസത്തിനകം രോഗികളെ ഡിസ്ചാര്‍ജ് ചെയ്യണമെന്നും കോളജിലെ പ്രവേശന നടപടികള്‍ നിര്‍ത്തിവെക്കണമെന്നും സെക്രട്ടറി നല്‍കിയ ഉത്തരവിലുണ്ട്. ഈ ഉത്തരവും കെഎംസിടി അവഗണിച്ചതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ കോളജ് അടച്ചുപൂട്ടാന്‍ ഉത്തരവിറക്കിയത്. അമ്പത് ഏക്കറിലധികം വരുന്ന സ്ഥലത്താണ് കെഎംസിടിയുടെ മെഡിക്കല്‍ കോളജ് കാംപസ് പ്രവര്‍ത്തിക്കുന്നത്.
മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി മൂന്നു കോളെജുകള്‍ കരാര്‍ ഒപ്പുവെക്കാന്‍ തയ്യാറായിരുന്നില്ല. അതിലൊരു കോളെജാണ് മുക്കത്തെ കെഎംസിടി. ഇവിടെ മെഡിക്കല്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുകയായിരുന്നു.