നിലമ്പൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ കൂട്ടരാജി
|പി വി അന്‍വറിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പ്രതിഷേധിച്ച് നിലമ്പൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ കൂട്ടരാജി.
പി വി അന്‍വറിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മണ്ഡലത്തിലെ സിപിഎമ്മില്‍ വ്യാപകപ്രതിഷേധം. നിരവധി ബ്രാഞ്ചുകമ്മറ്റികള്‍ പൂര്‍ണ്ണമായും രാജിവെച്ചു. രണ്ട് പാര്‍ട്ടി ഓഫീസുകള്‍ പ്രതിഷേധക്കാര്‍ അടച്ചു.
അന്‍വറിനെ സ്ഥാനാര്‍ഥിയാക്കുന്നത് പാര്‍ട്ടി പണത്തിന് കീഴ്പെട്ടാണെന്ന് ആരോപിച്ചാണ് വ്യാപകമായ പ്രതിഷേധവും കൂട്ടരാജിയും അരങ്ങേറിയത്. എടക്കര ഏരിയാകമ്മറ്റിക്ക് കീഴിലെ 10 ബ്രാഞ്ചുകമ്മറ്റിയിലെ മുഴുവന്‍ അംഗങ്ങളും രാജിവെച്ചു. 8 ലോക്കല്‍ കമ്മറ്റി അംഗങ്ങളും രാജിവെച്ചു. ഡിവൈഎഫ്ഐ മേഖല കമ്മറ്റിയിലെ മുഴുവന്‍ അംഗങ്ങളും രാജിസമര്‍പ്പിച്ചു. എടക്കര ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുത്ത് 7 മെമ്പര്‍മാര്‍ ഇന്ന് രാജി സമര്‍പ്പിക്കും. വിവിധ പോഷക സംഘടന ഭാരവാഹികളും രാജിവെച്ചിട്ടുണ്ട്. എടക്കറ, ചുങ്കത്തറ, ഉപ്പഡ എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നൂറ് കണക്കിനു പേര്‍ പങ്കെടുത്തു. എടങ്കരയില്‍ നടന്ന പ്രകടനം സിപിഎം ഏരിയകമ്മറ്റി ഓഫീസില്‍ നിന്നാണ് ആരംഭിച്ചത്. രണ്ട് ഏരിയ കമ്മറ്റി അംഗങ്ങളെ പുറത്താക്കിയ ശേഷമാണ് എടക്കര ലോക്കല്‍കമ്മറ്റി ഓഫീസ് പ്രതിഷേധകാര്‍ പൂട്ടിയത്. കൈത്തിരി ബ്രാഞ്ച്കമ്മറ്റി ഓഫീസും പൂട്ടിച്ചു. ഡി.വൈ.എഫ്.ഐയുടെ പ്രത്യേകയോഗം ഇന്ന് ചേരും. ബദല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന വിഷയവും പ്രതിഷേധകാര്‍ ആലോചിക്കുന്നുണ്ട്.
പ്രതിഷേധത്തെ തുടര്‍ന്ന് നിലമ്പൂരിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയം പുനപരിശോധിക്കാന്‍ ജില്ലകമ്മറ്റിയില്‍ ഇന്നലെ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ പി വി അന്‍വറിനെ സ്ഥാനാര്‍ഥിയാക്കണമെന്ന തീരുമാനമാണ് ഉണ്ടായത്. ഇതാണ് കൂട്ടരാജിക്ക് കാരണമായത്. 2006ല്‍ സിപിഎം പിന്തുണയോടെ ഏറനാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥനാര്‍ഥിക്കെതിരെയും 2014ല്‍ പാര്‍ലമെന്‍റിലേക്ക് സ്വതന്ത്രനായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെയും മത്സരിച്ച വ്യക്തിയാണ് പി വി അന്‍വര്‍.