രാജ്യത്തെ അപകടങ്ങളുടെ 10 ശതമാനവും കേരളത്തില്‍
|വര്‍ഷം തോറും നാലായിരത്തിലധികം അപകടമരണങ്ങള്‍
സംസ്ഥാനത്തെ പാതകള്‍ കുരുതിക്കളങ്ങളായി മാറുന്നു. വര്‍ഷം തോറും കേരളത്തിലെ റോഡുകളില്‍ പൊലിയുന്നത് നാലായിരത്തിലധികം ജീവനുകള്‍. രാജ്യത്ത് ആകെയുണ്ടായ അപകട മരണങ്ങളുടെ 10 ശതമാനവും കേരളത്തിലാണ്. ബൈക്ക് യാത്രക്കാരാണ് അപകടങ്ങളില്‍ മരിക്കുന്നവരില്‍ മൂന്നിലൊന്നും.
2016ല്‍ സംസ്ഥാനത്താകെ 39446 അപകടങ്ങളിലായി 4213 പേരാണ് മരിച്ചത്. അഞ്ചുവര്‍ഷം കൊണ്ട് അപകടങ്ങളുടെ എണ്ണത്തില്‍ 10 ശതമാനത്തിന്റെ വര്‍ധനവ്. മരിച്ചവരെക്കാള്‍ ഏഴിരട്ടിയാണ് ജീവച്ഛവങ്ങളായവരുടെ എണ്ണം, 30181 പേര്... ഗുരുതരമായി പരിക്കേറ്റല്ക്കുന്നവരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധനവുണ്ടായി. അപകടങ്ങളില്പെടുന്നതില് 60 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. മരിക്കുന്നവരിലും 32 ശതമാനവും ബൈക്ക് യാത്രക്കാര്‍ തന്നെ. കാറുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് അപകടനിരക്കിലും പ്രകടം. 27 ശതമാനമാണ് കാറുകള്‍ ഉള്‍പ്പെട്ട അപകടങ്ങള്‍. രാജ്യത്താകെയുള്ള വാഹനങ്ങളുടെ മൂന്ന് ശതമാനമേ കേരളത്തിലുള്ളൂവെങ്കിലും അപകടങ്ങളുടെ പത്തിലൊന്നും ഇവിടെയാണ്.
അപകടങ്ങളില്‍ മരിക്കുന്നവരിലേറെയും 50 വയസ്സില്‍ താഴെ പ്രായമുള്ളവരാണെന്ന് കണക്കുകള്‍. ബൈക്കപകടത്തില്പെടുന്നവരില് നല്ലൊരു പങ്കും മുപ്പത് വയസ്സില്‍ താഴെയുള്ളവരും. ഒരു മുന്നറിയിപ്പും നമ്മെ ബാധിക്കുന്നില്ല, അനുഭവങ്ങളില്‍ നിന്ന് നമ്മളൊന്നും പഠിക്കുന്നുമില്ല. ആശങ്കയുണര്‍ത്തുന്ന ഈ കണക്കുകള്‍ അതാണ് വിളിച്ചുപറയുന്നത്.