തെരുവ് നായ ശല്യത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍
|സുപ്രീം കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചു
കേരളത്തിലെ തെരുവ് നായ ശല്യത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍. തെരുവുനായ അക്രമത്തെ കുറിച്ചും ഇരകള്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ചും പഠിക്കാന്‍ സുപ്രീം കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചു. മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സിരിജഗനാണ് അധ്യക്ഷന്‍. സമിതി 12 ആഴ്ചക്കം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
തെരുവു നായകളുടെ ആക്രമണത്തിന് ഇരയാവുന്നവര്‍ക്ക് നഷ്ടപരിഹാരം നല്കാന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കോട്ടയം അയര്‍ക്കുന്നം സ്വദേശി ജോസ് സെബാസ്റ്റ്യന്‍ നല്കിയ ഹരജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ഹരജിക്കാരന് അടിയന്തരമായി നാല്‍പ്പതിനായിരം രൂപ നഷ്ടപരിഹാരം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. തെരുവുനായ ശല്യം സംബന്ധിച്ച് പഠിച്ച് നഷ്ടപരിഹരം നല്‍കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് മൂന്നംഗ സമതിയെ നിയോഗിച്ചത്. ആവശ്യമായ മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കുന്നതും ഉള്പെടയുള്ള കാര്യങ്ങള്‍ സമിതി പരിശോധിക്കും.
വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് സിരിജഗന് അധ്യക്ഷനായ സമിതിയില്‍ അരോഗ്യ വകുപ്പ് ഡയറക്ടറും നിയമ വകുപ്പ് സെക്രട്ടറിയുമാണ് മറ്റു അംഗങ്ങള്‍. പന്ത്രണ്ട് ആഴ്ചക്കകം സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റെതാണ് ഉത്തരവ് അര്‍ഹരായവര്‍ അപേക്ഷിച്ചാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നഷ്ടപരിഹാരം നല്കുന്ന കാര്യം പരിഗണിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു . ജൂലൈ 12ന് കേസ് കോടതി വീണ്ടും പരിഗണിക്കും.