മൂന്നാറിലെ റവന്യു ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലം മാറ്റ ഉത്തരവ് മരവിപ്പിച്ചു
|കളക്ടറുടെ ഉത്തരവ് റവന്യു മന്ത്രി ഇടപെട്ടാണ് മരവിപ്പിച്ചത്. പുതിയ ദേവികുളം സബ് കളക്ടറുടെ അഭിപ്രായം കേട്ട ശേഷം ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്ന് മന്ത്രി
മൂന്നാറിലെ റവന്യു ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലം മാറ്റ ഉത്തരവ് മരവിപ്പിച്ചു.കളക്ടറുടെ ഉത്തരവ് റവന്യു മന്ത്രി ഇടപെട്ടാണ് മരവിപ്പിച്ചത്. പുതിയ ദേവികുളം സബ് കളക്ടറുടെ അഭിപ്രായം കേട്ട ശേഷം ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്ന് മന്ത്രി നിര്‍ദേശം നല്‍കി.
കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സംഘത്തിലുണ്ടായിരുന്ന നാല് റവന്യു ഉദ്യോഗസ്ഥരെ വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റിയത്. ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് തെരഞ്ഞെടുത്തവരാണ് ഈ ഉദ്യോഗസ്ഥര്‍.
സ്ഥലം മാറ്റം മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ അട്ടിമറിക്കാനുള്ള നീക്കമായി വ്യാഖ്യാനിക്കപ്പെട്ടു. ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതുകൊണ്ടുമാത്രം കയ്യേറ്റമൊഴിപ്പിക്കല്‍ നിലച്ചുപോകില്ലെന്ന റവന്യുമന്ത്രിയുടെ വാദത്തിന് വിരുദ്ധമാണ് റവന്യു ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റമെന്നും വിമര്‍ശിക്കപ്പെട്ടു. തുടര്‍ന്നാണ് കളക്ടറുടെ ഉത്തരവ് മരവിപ്പിക്കാന്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇടപെട്ടത്. ഉദ്യോഗസ്ഥരുടെ അപേക്ഷപ്രകാരമാണ് സ്ഥലം മാറ്റമെന്നും പുതിയ സബ്കളക്ടര്‍ക്ക് ഇവരെ നിലനിര്‍ത്താനാണ് താല്‍പര്യമെങ്കില്‍ സ്ഥലം മാറ്റം നല്‍കേണ്ടതില്ലെന്നുമാണ് റവന്യു മന്ത്രിയുടെ നിലപാട്. മാനന്തവാടി സബ്കളക്ടറായിരുന്ന പ്രേം കുമാര്‍ ഈ മാസം 23നാണ് ദേവികുളത്ത് പുതിയ സബ്കളക്ടറായി ചുമതലയേല്‍ക്കുക.