വേങ്ങര ഉപതെരഞ്ഞെടുപ്പ്: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്
|മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ക്ഷേത്രദര്‍ശനം സംബന്ധിച്ച വിവാദവും യോഗത്തില്‍ ചര്‍ച്ചയാവും.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും. വേങ്ങര ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് പ്രധാന അജണ്ട. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ക്ഷേത്രദര്‍ശനം സംബന്ധിച്ച വിവാദവും യോഗത്തില്‍ ചര്‍ച്ചയാവും.
പി കെ കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവുവന്ന വേങ്ങര നിയമസഭാ മണ്ഡലത്തില്‍ ശക്തനായ പൊതുസമ്മതനെ സ്ഥാനാര്‍ഥിയാക്കാനാണ് സിപിഎം ആലോചിക്കുന്നത്. സ്ഥാനാര്‍ഥിയെ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളാകും ഇന്നത്തെ സെക്രട്ടേറിയറ്റില്‍ നടക്കുക. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കൂടി പങ്കെടുക്കുന്ന മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റില്‍ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവും.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ചടങ്ങുകളില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് പങ്കെടുത്തതിനെ തുടര്‍ന്ന് വിവാദം പാര്‍ട്ടി ഗൌരവമായാണ് കാണുന്നത്. പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ് മന്ത്രിയുടെ പ്രവൃത്തിയെന്ന് വിമര്‍ശമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ മന്ത്രിയുടെ വിശദീകരണം തേടിയതായി കോടിയേരി പറയുകയും ചെയ്തിരുന്നു. എന്നാല്‍ ദേവസ്വം മന്ത്രിയെന്ന നിലയിലാണ് തന്റെ സന്ദര്‍ശനമെന്നാണ് കടകംപള്ളിയുടെ നിലപാട്. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളും മറ്റ് രാഷ്ട്രീയ സാഹചര്യങ്ങളും സെക്രട്ടേറിയറ്റില്‍ ചര്‍ച്ചക്ക് വരും.