മെഡിക്കല്‍ ഏകീകൃത പ്രവേശന പരീക്ഷയ്ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്
|മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള ഏകീകൃത പ്രവേശന പരീക്ഷ നടത്തണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നു
മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള ഏകീകൃത പ്രവേശന പരീക്ഷ നടത്തണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നു. ഈ വര്‍ഷത്തെ ഏകീകൃത പരീക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാകും കോടതിയെ സമീപിക്കുക. ഏകീകൃത പ്രവേശ പരീക്ഷ കേരളത്തിലെ വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
ഈ വര്‍ഷത്തെ എന്‍ഇഇടി പരീക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിക്കും. ആരോഗ്യമന്ത്രി വി എസ് ശിവകുമാറാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ എന്‍ട്രന്‍സ് പരീക്ഷ ഇന്നലെയോടെ പൂര്‍ത്തിയായിരുന്നു. ഇവര്‍ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്ക് കൂടിയാണ് പ്രവേശം തേടിയിരുന്നത്. ഏകീകൃത പ്രവേശ പരീക്ഷ വ്യത്യസ്ത സംസ്ഥാനത്തെ വിദ്യാര്‍ഥികളെ ആശങ്കയിലാക്കിയ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ സംസ്ഥാന പ്രവേശ പരീക്ഷ വെറുതെയാവില്ലെന്നും ഹോമിയോ ആയുര്‍വേദ, സിദ്ധ, അഗ്രിക്കൾച്ചര്‍ കോഴ്സുകളിലേക്ക് സംസ്ഥാന മെഡിക്കൽ റാങ്ക് പട്ടികയിൽ നിന്ന് പ്രവേശം നടത്തുമെന്നും എന്‍ട്രന്‍സ് കമ്മീഷണര്‍ പറഞ്ഞു.
ഏകീകൃത പ്രവേശ പരീക്ഷ നിലവില്‍ വരുന്നതോടെ എംബിബിഎസ്, ബിഡിഎസ് ഒഴികെയുള്ള മെഡിക്കല്‍ കോഴ്സുകളിലേക്കായി സംസ്ഥാനങ്ങൾ പ്രത്യേകം പ്രവേശ പരീക്ഷ നടത്തേണ്ടി വരും. സംവരണം അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയും ശക്തമാണ്. സ്റ്റേറ്റ് സിലബസുകളില്‍ പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് സിബിഎസ്ഇ സിലബസില്‍ പരീക്ഷ എഴുതേണ്ടി വരുന്നത് വിദ്യാര്‍ഥികളെ വലക്കുമെന്നും വിമര്‍ശമുണ്ട്.
പ്രവേശം നടത്താനുള്ള ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങളുടെ ഭരണഘടന അവകാശത്തിന് മേലുള്ള വെല്ലുവിളിയാണ് ഏകീകൃത പ്രവേശ പരീക്ഷയെന്നാണ് മറ്റൊരു വിമര്‍ശം. ഇവര്‍ കോടതിയെ സമീപിക്കാനുള്ള സാധ്യതയും നിലവിലുണ്ട്.