ഇടതുകോട്ടയായ പേരാമ്പ്രയില്‍ വാശിയേറിയ പോരാട്ടം
|ഐക്യ കേരളപിറവിക്ക് ശേഷം നടന്ന പതിമൂന്ന് തിരഞ്ഞെടുപ്പില്‍ പത്തിലും ഇടത് മേധാവിത്വമായിരുന്നു കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തില്‍. 1980ന് ശേഷം ഇടത് മുന്നണിക്ക് പേരാമ്പ്രയില്‍ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
ഐക്യ കേരളപിറവിക്ക് ശേഷം നടന്ന പതിമൂന്ന് തിരഞ്ഞെടുപ്പില്‍ പത്തിലും ഇടത് മേധാവിത്വമായിരുന്നു കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തില്‍. 1980ന് ശേഷം ഇടത് മുന്നണിക്ക് പേരാമ്പ്രയില്‍ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ ഇത്തവണ സമീപകാലത്തൊന്നും നടന്നിട്ടില്ലാത്ത വാശിയേറിയ പോരാട്ടമാണ് പേരാമ്പ്രയില്‍. മുന്‍ എംഎല്‍എയും സി പി എം നേതാവുമായ ടി പി രാമകൃഷ്ണനും കേരള കോണ്‍ഗ്രസ് നേതാവും കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് ഇക്ബാലുമാണ് മത്സര രംഗത്തെ പ്രമുഖര്‍.
ടി പി രാമകൃ്ഷ്ണനെതിരെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്‍റെ തൊട്ടടുത്ത ദിവസങ്ങളില്‍ സിപിഎമ്മിനുള്ളില്‍ നിന്ന് ചില എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രചരണം മുന്നേറിയപ്പോള്‍ എതിര്‍ ശബ്ദങ്ങള്‍ നിശ്ചലമായി. പത്ത് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പേരാമ്പ്ര നിയോജക മണ്ഡലം. നൊച്ചാട് അരിക്കുളം മേപ്പയ്യൂര്‍ പഞ്ചായത്തുകളിലെ മേധാവിത്വമാണ് ഇടത് മുന്നണിയുടെ പേരാമ്പ്രയിലെ പ്രതീക്ഷ.
ചങ്ങരോത്ത് ,ചക്കിട്ടപ്പാറ, തുറയൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകള്‍ ഒപ്പം പോരുമെന്ന പ്രതീക്ഷയാണ് യുഡിഎഫിന് പേരാമ്പ്രയില്‍. ഒപ്പം ഇടത് ക്യാമ്പിലെ അസ്വാരസ്യങ്ങള്‍ അടങ്ങിയിട്ടില്ലെന്ന പ്രതീക്ഷയും മുഹമ്മദ് ഇക്ബാലിന്‍റെ സ്വീകാര്യതയും യു ഡി എഫ് ക്യാമ്പിന് ആത്മവിശ്വാസം നല്‍കുന്നു.
മണ്ഡലത്തില്‍ പേരാമ്പ്രയുടെ പാരമ്പര്യവും സംസ്ഥാനത്തെ പൊതു രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാണെന്ന വിശ്വാസവും ഇവിടെ ഇടത് മുന്നണിയുടെ ആത്മവിശ്വാസത്തിന് അടിത്തറയാണ്. എന്‍ഡിഎക്ക് വേണ്ടി ബി ഡി ജെ എസ് സ്ഥാനാര്‍ത്ഥിയായി കൊളപ്പേരി സുകുമാരന്‍ നായരും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വേണ്ടി റസാഖ് പാലേരിയുമാണ് കളത്തില്‍. എസ് ഡി പി ഐ -എസ് പി സഖ്യവും ചില സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും അടിയൊഴുക്കള്‍ക്ക് ഇടയാക്കി മത്സര രംഗത്തുണ്ട് മണ്ഡലത്തില്‍.