വിവാദങ്ങള്‍ക്കിടെ എല്‍ഡിഎഫ് യോഗം ഇന്ന്
|മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം കെ ദാമോദരന്‍ സര്‍ക്കാരിനെതിരെ ഹാജരായത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യോഗത്തില്‍ കടുത്ത വിമര്‍ശമുയരുമെന്നാണ് സൂചന
എല്‍ഡിഎഫ് യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം കെ ദാമോദരന്‍ സര്‍ക്കാരിനെതിരെ ഹാജരായത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യോഗത്തില്‍ കടുത്ത വിമര്‍ശമുയരുമെന്നാണ് സൂചന. ബോര്‍ഡ്, കോര്‍പ്പറേഷന്‍ വിഭജനവും ഇന്ന് പൂര്‍ത്തിയാക്കും.
ക്വാറി ഉടമകള്‍ക്ക് വേണ്ടിയും സാന്റിയാഗോ മാര്‍ട്ടിന് വേണ്ടിയും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം കെ ദാമോദരന്‍ ഹാജരായതും ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് നിലപാടും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് എല്‍ഡിഎഫ് നിര്‍ണായകയോഗം ചേരുന്നത്. സര്‍ക്കാര്‍ നിലപാടിനെ സിപിഎം നേതൃത്വം ന്യായീകരിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ മുന്നണിക്കുള്ളില്‍ കടുത്ത ഭിന്നതയുണ്ടെന്നാണ് സൂചന. സിപിഎമ്മുമായുണ്ടാക്കിയ ഉഭയകക്ഷി ധാരണയുടെ അടിസ്ഥാനത്തിലാണ് പരസ്യപ്രതികരണത്തിലേക്ക് സിപിഐ നേതൃത്വം പോകാതിരുന്നത്. എന്നാല്‍ ഇന്ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവിനെതിരെ സിപിഐ വിമര്‍ശമുയര്‍ത്തും. ആരോപണവിധേയരായവര്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് വാദിച്ചത് സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടിച്ചുവെന്നാണ് സിപിഐ അഭിപ്രായം. നിയമോപദേഷ്ടാവ് സ്ഥാനത്ത് നിന്ന് ദാമോദരനെ മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ സിപിഐ ഉയര്‍ത്തിയേക്കും.
ബാര്‍ കോഴക്കേസിലെ വിജിലന്‍സ് നിലപാടിലും സിപിഐക്ക് വിയോജിപ്പുണ്ട്. ഇതും യോഗത്തില്‍ ഉന്നയിക്കും. സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന യോഗത്തില്‍ ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളിലേക്കുള്ള വിഭജനത്തിലും അന്തിമ തീരുമാനമുണ്ടായേക്കും. ഇതുസംബന്ധിച്ച് സിപിഎമ്മും സിപിഐയും നേരത്തെ ധാരണയായിരുന്നു. ധാരണയനുസരിച്ച് സിപിഐക്ക് 17 കോര്‍പ്പറേഷന്‍, ബോര്‍ഡ് അധ്യക്ഷ സ്ഥാനങ്ങളാണ് ലഭിക്കുക.