Kerala
ആലപ്പുഴയിൽ മൂന്ന് സ്ഥലത്ത് കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചുആലപ്പുഴയിൽ മൂന്ന് സ്ഥലത്ത് കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു
Kerala

ആലപ്പുഴയിൽ മൂന്ന് സ്ഥലത്ത് കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു

Sithara
|
15 May 2018 8:26 PM GMT

പക്ഷിപ്പനി ബാധിച്ച കൊന്ന് കത്തിച്ച താറാവുകളുടെ എണ്ണം 40000 കവിഞ്ഞു.

ആലപ്പുഴയിൽ മൂന്ന് സ്ഥലത്ത് കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനി ബാധിച്ച കൊന്ന് കത്തിച്ച താറാവുകളുടെ എണ്ണം 40000 കവിഞ്ഞു. നിരീക്ഷണം ശക്തമാക്കാൻ മൃഗസംരക്ഷണ വകുപ്പിലെ ആറ് ഉന്നത ഉദ്യോഗസ്ഥർ ജില്ലയിലെത്തി.

നെടുമുടി, ചെന്നിത്തല, പുളിങ്കുന്ന് എന്നീ പഞ്ചായത്തുകളിലെ താറാവുകളിലെ സാമ്പിളുകളുടെ ഫലമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. ഫലം പോസിറ്റീവായതോടെയാണ് ഇവിടെയും പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ മൃഗസംരക്ഷണ വകുപ്പ് രൂപീകരിച്ച ദ്രുത കർമ സേന മുഴുവൻ രംഗത്തിറങ്ങി. ജില്ലയിൽ മൊത്തം 40,634 താറാവുകളെയാണ് കൊന്ന് കത്തിച്ചത്. പുളിങ്കുന്നിൽ രോഗം ബാധിച്ച നിലയിൽ കണ്ടെത്തിയ 13495 താറാവുകളെ മാറ്റി സംസ്‌കരിച്ചു. എടത്വയിൽ രോഗം ബാധിച്ച നിലയിൽ കണ്ടെത്തിയ 1760 താറാവുകളെയും ചമ്പക്കുളത്ത് രോഗം ബാധിച്ച നിലയിൽ കണ്ടെത്തിയ 4050 താറാവുകളെയും സംസ്‌കരിച്ചു. ചെറുതനയിൽ രോഗം കണ്ടെത്തിയ 12,005 താറാവുകളെ കൂട്ടത്തിൽ നിന്ന് വേർപെടുത്തിയാണ് സംസ്‌കരിച്ചത്.

ചെന്നിത്തലയിൽ രോഗം ബാധിച്ച നിലയിൽ കണ്ടെത്തിയ 1763 താറാവുകളെ മാറ്റി സംസ്‌കരിച്ചപ്പോൾ പള്ളിപ്പാട് 5548 താറാവുകളെ കൂട്ടത്തിൽ നിന്ന് വേർപെടുത്തി സംസ്‌കരിച്ചു. പുതിയ സ്ഥലങ്ങളിൽ കൂടി പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തിൽ നിരീക്ഷണം ശക്തിപ്പെടുത്താനാണ് തീരുമാനം. ഇതിനായ് മൃഗസംരക്ഷണ വകുപ്പിലെ രണ്ട് അഡീഷണൽ ഡയറക്ടർമാരും നാല് ജോയിന്റ് ഡയറക്ടർമാരും ആലപ്പുഴയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

Related Tags :
Similar Posts