Kerala
കേരളത്തില്‍ വ്യാജ മദ്യദുരന്തത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്കേരളത്തില്‍ വ്യാജ മദ്യദുരന്തത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
Kerala

കേരളത്തില്‍ വ്യാജ മദ്യദുരന്തത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

admin
|
15 May 2018 6:55 PM GMT

സംസ്ഥാനത്തു വ്യാജമദ്യ ദുരന്തമുണ്ടാകാന്‍ സാധ്യതയെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ്.

സംസ്ഥാനത്തു വ്യാജമദ്യ ദുരന്തമുണ്ടാകാന്‍ സാധ്യതയെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാന്‍ എക്സൈസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി കഴിഞ്ഞു. ദുരന്തം ഒഴിവാക്കാന്‍ എക്സൈസ്, പൊലീസ് വകുപ്പുകളെ ഏകോപിപ്പിക്കാനും നിര്‍ദേശമുണ്ട്.

ബാര്‍ ലൈസന്‍സ് വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം അട്ടിമറിക്കാന്‍ ഒരു വിഭാഗം അബ്കാരികള്‍ ഗൂഢനീക്കം നടത്തുന്നുണ്ടെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന സൂചന. ഉത്സവസ്ഥലങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാകും വ്യാജമദ്യം വിതരണം ചെയ്യുക എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വ്യാജക്കള്ള്, സ്പിരിറ്റ്, സെക്കന്‍സ്, വിഷച്ചാരായം തുടങ്ങിയ ലഹരി ഉത്പന്നങ്ങളെല്ലാം ദുരന്തത്തിലേക്ക് നയിച്ചേക്കാം. സര്‍ക്കാര്‍ നേരിട്ടു വിതരണം ചെയ്യുന്ന ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളെയും നിരീക്ഷിക്കണമെന്നാണ് പൊലീസ് മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ മദ്യത്തിന്റെ ഉപയോഗം കൂടുകയും ലഭ്യത കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ വ്യാജമദ്യത്തിനു വലിയ ഡിമാന്‍ഡ് ഉണ്ടാകും. ഇതു മുതലാക്കാനുള്ള മത്സരവും അട്ടിമറി നീക്കവുമെല്ലാം ഒരു ദുരന്തത്തിലേക്കു വഴി തുറന്നേക്കാം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തില്‍ മദ്യദുരന്തം ഉണ്ടായിട്ടില്ല. അതേസമയം, രാജ്യം കണ്ട വലിയ മദ്യദുരന്തങ്ങള്‍ക്കു കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകള്‍ സാക്ഷ്യം വഹിച്ചിട്ടുമുണ്ട്.

Similar Posts