പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം; പക്ഷേ കോളറക്ക് കുറവില്ല
|കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പതിനെട്ട് കോളറ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായിട്ടും സംസ്ഥാനത്ത് കോളറക്ക് കുറവ് വന്നിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പതിനെട്ട് കോളറ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വയറിളക്കം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കോളറ സ്ഥിരീകരിച്ചിരുന്നു. ഒരാള്‍ മരിക്കുകയും ചെയ്തു. ഇതില്‍ അഞ്ചു കോളറ കേസും കണ്ടെത്തിയത് കോഴിക്കോടാണ്. അതും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍. വൃത്തി ഹീനമായ അന്തരീക്ഷത്തില് താമസിക്കുന്നതും മലിന ജലം കുടിക്കുന്നതും തന്നെയാണ് കോളറയുടെ തിരിച്ചുവരവിന് കാരണം.
2016ല്‍ സംസ്ഥാനത്ത് പത്ത് കോളറ കേസുകള്‍ സ്ഥിരീകരിച്ചു.ഒരു മരണവും. കോളറ ലക്ഷണങ്ങളോടെ ചികിത്സ തേടിയത് 118 പേരാണ്. മലിന ജലം മൂലം വയറിളക്കം ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. നാലു ലക്ഷത്തി അറുപത്തിയൊന്നായിരത്തി നാനൂറ്റി ഇരുപത്തിയേഴ് പേരാണ് കഴിഞ്ഞ വര്‍ഷം വയറിളക്കം ബാധിച്ച് ആശുപത്രികളിലെത്തിയത്. അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തു. 2016ല്‍ വയറിളക്കം മൂലം 14 പേര്‍ മരിച്ചു. ജല മലിനീകരണം കൂടി വരുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വെല്ലു വിളിയാകുന്നുണ്ട്.