ഇരിക്കൂറില്‍ യു.ഡി.എഫ് കോട്ട കാക്കാന്‍ കെസി ജോസഫ്
|കോണ്‍ഗ്രസിനുളളിലെ ആഭ്യന്തര പ്രശ്നങ്ങളും വിമത സ്ഥാനാര്‍ഥി ഉയര്‍ത്തുന്ന ഭീഷണിയുമാണ് ഇവിടെ കെ.സി ജോസഫ് നേരിടുന്ന പ്രധാന വെല്ലുവിളികള്‍.
മൂന്നര പതിറ്റാണ്ട് കാലമായി ഇരിക്കൂറില്‍ യു.ഡി.എഫിന്‍റെ കോട്ട കാക്കുന്നത് കെ.സി ജോസഫാണ്.എട്ടാം തവണയും ഇരിക്കൂറില്‍ നിന്നും ജനവിധി തേടുന്ന കെ.സി ജോസഫിന് പക്ഷെ, ഇത്തവണ മത്സരം കടുത്തതാണ്. കോണ്‍ഗ്രസിനുളളിലെ ആഭ്യന്തര പ്രശ്നങ്ങളും വിമത സ്ഥാനാര്‍ഥി ഉയര്‍ത്തുന്ന ഭീഷണിയുമാണ് ഇവിടെ കെ.സി ജോസഫ് നേരിടുന്ന പ്രധാന വെല്ലുവിളികള്‍.
1982 ലായിരുന്നു കെ.സി ജോസഫിന്‍റെ ഇരിക്കൂറില്‍ നിന്നുളള കന്നിയങ്കം.പിന്നെ തിരിഞ്ഞു നോക്കണ്ടി വന്നില്ല. തുടര്‍ച്ചയായി ഏഴ് തെരഞ്ഞെടുപ്പുകളിലും ഇരിക്കൂര്‍ കെ.സിയെ തുണച്ചു. 2006ല്‍ മാത്രമായിരുന്നു മത്സരം കടുത്തത്. കഴിഞ്ഞ തവണ 11757 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ.സി ഇരിക്കൂറില്‍ നിന്നും നിയമസഭയിലെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശഭരണ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന്‍റെ ഭൂരിപക്ഷം 15000 കവിഞ്ഞു.
എന്നാല്‍ എട്ടാം തവണയും മണ്ഡലത്തില്‍ മത്സരിക്കാനെത്തിയ കെ.സി ജോസഫിനെതിരെ ഗ്രൂപ്പ് വിത്യാസമില്ലാതെ എതിര്‍പ്പുയര്‍ന്നു. എന്നാല്‍ തന്‍റെ ഏറ്റവും അടുത്ത വിശ്വസ്തനായി ഉമ്മന്‍ ചാണ്ടി തന്നെ രംഗത്ത് വന്നതോടെ എട്ടാം തവണയും ഇരിക്കൂറില്‍ കെ.സി ജോസഫിനു തന്നെ നറുക്ക് വീഴുകയായിരുന്നു. കര്‍ഷക കോണ്‍ഗ്രസ് നേതാവ് ബിനോയ് തോമസ് ഇതോടെ വിമതനായി മത്സരരംഗത്ത് എത്തി. എന്നാല്‍ ഇതൊന്നും തന്‍റെ വിജയത്തെ ബാധിക്കില്ലന്ന ഉറച്ച വിശ്വാസത്തിലാണ് കെ.സി ജോസഫ്.
പരമ്പരാഗതമായി കെ.സിയെ പിന്തുണക്കുന്ന ക്രൈസ്തവ സഭയും ഇത്തവണ കെ.സി ജോസഫിന്‍റെ സ്ഥാനാര്‍ഥിത്വത്തെ പരസ്യമായി പിന്തുണച്ചിട്ടില്ല. ഇതും കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളും ഇത്തവണ അനുകൂല ഘടകമാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. എന്തായാലും യു.ഡി.എഫിന്‍റെ സ്വന്തം മണ്ഡലം ഇത്തവണ ആരെ തുണക്കുമെന്ന് കാത്തിരുന്ന് തന്നെ കാണണം.