ബസ് സമരത്തില്‍ വലഞ്ഞ് വടക്കന്‍ ജില്ലകള്‍
|സ്വകാര്യ ബസ് സമരം ശക്തമായി തുടരുന്നത് ഗ്രാമീണ മേഖലകളെയാണ് കൂടുതലും വലയ്ക്കുന്നത്.
സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ ദുരിതത്തിലായിരിക്കുകയാണ് ജനങ്ങള്‍. വടക്കന്‍ ജില്ലകളെയാണ് ബസ് സമരം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ഓഫീസുകളുടെ പ്രവൃത്തി ദിനമായതിനാല്‍ സര്‍ക്കാര്‍ ജീവനക്കാരടക്കം ഇന്ന് ഏറെ വലഞ്ഞു.
സ്വകാര്യ ബസ് സമരം ശക്തമായി തുടരുന്നത് ഗ്രാമീണ മേഖലകളെയാണ് കൂടുതലും വലയ്ക്കുന്നത്. കോഴിക്കോട് നിന്നും കണ്ണൂരിലേക്കും തൃശൂരിലേക്കും കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തുന്നുണ്ട്. പക്ഷേ ഗ്രാമീണ മേഖലകളില്‍ യാത്രാ ദുരിതം രൂക്ഷമാണ്. ജീപ്പ്, ഓട്ടോ സമാന്തര സര്‍വീസുകളാണ് യാത്രക്കാര്‍ക്ക് ഏക ആശ്രയം. തിരുവനന്തപുരത്ത് നിന്നും പത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കോഴിക്കോട് എത്തിച്ചിട്ടുണ്ട്.
എറണാകുളം, കോട്ടയം ജില്ലകളേയും ബസ് സമരം കാര്യമായി ബാധിച്ചു. പണിമുടക്കുന്ന ബസുകള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കരുതെന്ന് ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
എറണാകുളം നഗരത്തില്‍ കെഎസ്ആര്‍ടിസി ബസുകളും മെട്രോ റെയില്‍ സര്‍വീസുമാണ് ജനങ്ങള്‍ക്ക് ആശ്രയം. തൃശൂരില്‍ ടൂറിസ്റ്റ് ബസുകള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. സ്വകാര്യ ബസുകളുടെ നിരക്കാണ് ഈടാക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ ചെറുകിട ബസ് ഓപ്പറേറ്റര്‍മാര്‍ സര്‍വീസ് പുനരാരംഭിച്ചു. കടുത്ത നടപടിയിലേക്ക് കടക്കുമെന്ന സര്‍ക്കാരിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്നാണിത്.