സമഗ്ര പേവിഷബാധ നിയന്ത്രണപദ്ധതിക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കം
|പദ്ധതി നടപ്പിലാക്കുന്നത് ബാംഗ്ലൂര്‍ ആസ്ഥാനമായ എന്‍.ജി.ഒയുടെ സഹകരണത്തോടെ
കാസര്‍കോട് ജില്ലയില്‍ തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിനായുള്ള സമഗ്ര പേവിഷ ബാധ നിയന്ത്രണ പദ്ധതിക്ക് തുടക്കമായി. ബാംഗ്ലൂര്‍ ആസ്ഥാനമായ എന്‍.ജി.ഒ-യുടെ സഹകരണത്തോടെയാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്കുവേണ്ടി ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു.
കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തെരുവ് നായ്ക്കളെ പിടികൂടി വന്ധീകരണ ശസ്ത്രക്രിയയും തുടര്‍പരിചരണവും നല്‍കി അവയുടെ ആവാസ കേന്ദ്രത്തിലേക്ക് തിരിച്ചയക്കുന്നതാണ് പദ്ധതി. ഇതിനായി ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഓപ്പറേഷന്‍ തീയേറ്റര്‍, നായ്ക്കളെ പാര്‍പ്പിക്കുന്നതിനാവശ്യമായ കെന്നലുകള്‍, ബയോവേയ്സ്റ്റ് സംസ്കരണ യൂണിറ്റുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ജില്ലയിലെ ആദ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു.
തെരുവ് നായ്ക്കളുടെ ശസ്ത്രക്രിയയ്ക്ക് ശേഷം പേവിഷബാധയ്ക്ക് എതിരായ പ്രതിരോധ കുത്തിവെപ്പ് നല്‍കിയശേഷമാണ് അവയുടെ ആവാസ കേന്ദ്രത്തിലേക്ക് തിരിച്ചുവിടുന്നത്. തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിനായി സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നത്.