സ്വാശ്രയത്തില്‍ സര്‍ക്കാരിന് സീറ്റില്ല; പ്രവേശം ദുഷ്കരമാകും
|കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയായതോടെ സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശ നടപടികള്‍ കൂടുതല്‍ പ്രതിസന്ധിയിലാവും.
കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയായതോടെ സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശ നടപടികള്‍ കൂടുതല്‍ പ്രതിസന്ധിയിലാവും. സ്വാശ്രയ മാനേജ്മെന്റുകളെ നിയന്ത്രണത്തിക്കാനുള്ള നീക്കമാണ് പരാജയപ്പെട്ടത്. പകുതി സീറ്റില്‍ കുറഞ്ഞ ഫീസിന് തയ്യാറായിരുന്ന മാനേജ്മെന്റുകള്‍ ഇനി ഏകീകൃത ഫീസിന് സമ്മര്‍ദം ചെലുത്തിയേക്കും. കോളജുകള്‍ വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ സര്‍ക്കാരിന് ഈ ആവശ്യത്തിന് വഴങ്ങേണ്ടി വരുമെന്നാണ് സൂചന.
വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് സ്വാശ്രയ കോളജ് പ്രവേശം നിയന്ത്രണലാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതെന്ന് നേരത്തെ തന്നെ വിമര്‍ശമുണ്ട്. കേന്ദ്രത്തില്‍ നിന്ന് ലഭിച്ച കത്തിനെ വ്യാഖ്യാനിച്ച് ജെയിംസ് സര്‍ക്കാരിനെ കബളിപ്പിച്ചതാണെന്നും മാനേജ്മെന്റുകള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇത് ശരിവക്കുന്നതാണ് കോടതി വിധി. മാനേജ്മെന്റുകള്‍ക്ക് അനുകൂലമായ വിധി വന്നത് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്ക് ഉയര്‍ന്ന നിരക്കില്‍ ഏകീകൃത ഫീസ് വാങ്ങാന്‍ അനുമതി നല്കുന്ന കരാര്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ഇതേ ഫീസ് ഘടന അനുവദിക്കണമെന്ന ആവശ്യം മറ്റ് മാനേജ്മെന്റുകള്‍ ഉന്നയിച്ചേക്കും.
ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്ക് ഇക്കാര്യത്തില്‍ ഇളവ് നല്‍കിയതില്‍ നേരത്തെ തന്നെ മറ്റുള്ളവര്‍ക്ക് അമര്‍ഷമുണ്ട്. ഇതില്‍ വിലപേശാന്‍ കോടതി വിധി ഇവര്‍ക്ക് ബലം നല്‍കും. സ്കോളര്‍ഷിപ്പ് നല്കാന് സമ്മതിച്ച് കരാര്‍ ഉണ്ടാക്കാമെന്നാണ് മാനേജ്മെന്റുകളുടെ ആലോചന. ഈ രീതിയിലാണ് കരാറുണ്ടാക്കുന്നതെങ്കില് അത് വന്‍ തുക ഫീസ് നല്കാനില്ലാത്ത സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് കനത്ത തിരിച്ചടിയാകും.