Kerala
ദലിത് മുന്നേറ്റം ബിജെപി ദേശീയ കൌണ്‍സിലില്‍ ചര്‍ച്ചയാകുംദലിത് മുന്നേറ്റം ബിജെപി ദേശീയ കൌണ്‍സിലില്‍ ചര്‍ച്ചയാകും
Kerala

ദലിത് മുന്നേറ്റം ബിജെപി ദേശീയ കൌണ്‍സിലില്‍ ചര്‍ച്ചയാകും

Khasida
|
16 May 2018 10:52 AM GMT

ഉന, രോഹിത് വെമുല വിഷയങ്ങള്‍ സജീവമാക്കി നിര്‍ത്തുന്നതില്‍ കേരളത്തിലെ ബുദ്ധിജീവികള്‍ വഹിക്കുന്ന പങ്കും ബിജെപി ശ്രദ്ധിക്കുന്നുണ്ട്.

ദേശീയ കൌണ്‍സില്‍ യോഗത്തിന് തയ്യാറെടുക്കുന്ന ബിജെപിയെ ഏറ്റവും അസ്വസ്ഥപ്പെടുത്തുന്നത് രാജ്യത്ത് ശക്തിപ്പെടുന്ന ദലിത് ഉണര്‍വാണ്. ഗുജറാത്തിലും ഉത്തര്‍പ്രദേശിലുമൊക്കെയാണ് ഇത്തരം ഉണര്‍വ്വുകള്‍ പ്രകടമാകുന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായി നടക്കുന്നത് കേരളത്തിലാണ്. ദലിത് മുന്നേറ്റം ബിജെപിയുടെ ദേശീയ കൌണ്‍സിലിലും ചര്‍ച്ചയാകും.

ഗുജറാത്തിലെ ദളിത് മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന ജിഗ്നേഷ് മേവാനിയുടെ ഫേസ്ബുക്ക് പേജാണിത്. ജിഗ്നേഷ് കേരളത്തില്‍ എത്രമാത്രം ചര്‍ച്ച ചെയ്യപ്പെടുന്നുവെന്ന് ഈ പേജ് പരിശോധിച്ചാല്‍ വ്യക്തമാകും. ഉന, രോഹിത് വെമുല വിഷയങ്ങള്‍ സജീവമാക്കി നിര്‍ത്തുന്നതില്‍ കേരളത്തിലെ ബുദ്ധിജീവികള്‍ വഹിക്കുന്ന പങ്കും ബിജെപി ശ്രദ്ധിക്കുന്നുണ്ട്.

ബിജെപി ദേശീയ കൌണ്‍സിലിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം കോഴിക്കോട്ട് സംഘടിപ്പിച്ച രണ്ട് സെമിനാറുകളിലൊന്ന് ദളിത് രാഷ്ട്രീയത്തെക്കുറിച്ചായിരുന്നു. ഗുജറാത്തില്‍ അടക്കമുള്ള ദലിത് മുന്നേറ്റങ്ങള്‍ ബിജെപി വിരുദ്ധമായി മാറിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് സൂക്ഷിച്ചാണ് മറുപടി പറഞ്ഞത്.

ചില വിഭാഗങ്ങള്‍ എഴുന്നേറ്റ് നിന്ന് നിങ്ങളോട് യോജിക്കുന്നില്ലെന്ന് പറഞ്ഞേക്കാം. അത് ദളിത് മുന്നേറ്റമായി വ്യാഖ്യാനിക്കേണ്ടതില്ല. രാഷ്ട്രീയത്തില്‍ നൂറ് ശതമാനം പിന്തുണ ആരും പ്രതീക്ഷിക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഉത്തര്‍പ്രദേശിലും ഗുജറാത്തിലും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ദലിത് മുന്നേറ്റങ്ങളെ എങ്ങനെ നേരിടണം എന്നത് സംബന്ധിച്ച ചര്‍ച്ച ബിജെപി ദേശീയ കൌണ്‍സിലില്‍ ഉണ്ടാകും.

Similar Posts