Kerala
ബാബു ഭരദ്വാജിന് അന്ത്യാഞ്ജലി; സംസ്കാരം നാളെബാബു ഭരദ്വാജിന് അന്ത്യാഞ്ജലി; സംസ്കാരം നാളെ
Kerala

ബാബു ഭരദ്വാജിന് അന്ത്യാഞ്ജലി; സംസ്കാരം നാളെ

admin
|
16 May 2018 7:23 PM GMT

ഇന്നലെ അന്തരിച്ച എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ബാബു ഭരദ്വാജിന്‍റെ സംസ്കാരം നാളെ മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും

ഇന്നലെ അന്തരിച്ച എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ബാബു ഭരദ്വാജിന്‍റെ സംസ്കാരം നാളെ മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. വിദേശത്തുള്ള മകള്‍ എത്തിയ ശേഷം ഉച്ചക്കായിരിക്കും സംസ്കാരചടങ്ങുകള്‍ നടക്കുക.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മീഡിയവണ്‍ പ്രോഗ്രാം വിഭാഗം മേധാവിയായിരുന്നു. പ്രവാസിയുടെ കുറിപ്പുകള്‍, പ്രവാസിയുടെ വഴിയമ്പലം, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവയാണ് പ്രധാന കൃതികള്‍. കലാപങ്ങള്‍ക്കൊരു ഗൃഹപാഠത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

എഴുപതുകളിലും എണ്‍പതുകളിലും കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന ക്ഷുഭിത യൌവ്വനങ്ങളുടെ പ്രതിനിധിയായിരുന്നു ബാബു ഭരദ്വാജ്. എന്നാല്‍ തീവ്ര ഇടതു പക്ഷത്തോടൊപ്പം ചേരാതെ മാര്‍ക്സിസ്റ്റ് മുഖ്യധാരയോടൊപ്പമായിരുന്നു അദ്ദേഹത്തിന്‍റെ സഞ്ചാരം.

രാഷ്ട്രീയത്തെയും സാംസ്കാരിക പ്രവര്‍ത്തനത്തെയും വേര്‍തിരിച്ചു നിര്‍ത്താന്‍ ബാബു ഭരദ്വാജിന് ഒരിക്കലും സാധിച്ചിരുന്നില്ല. വിദ്യാര്‍ത്ഥി കാലത്ത് സ്റ്റുഡന്‍റ്സ് ഫെഡറേഷനിലൂടെയാരംഭിച്ചു രാഷ്ട്രീയ പ്രവര്‍ത്തനം. എന്‍ജിനീയറിങ് പഠനത്തിന് ശേഷം ഗള്‍ഫില്‍ ജോലി തേടി പോയ ബാബു ഭരദ്വാജ് പക്ഷേ കേരളത്തിലെ സാംസ്കാരിക രംഗവുമായുള്ള ബന്ധം വിട്ടില്ല. 1980ല്‍ ചിന്ത രവി സംവിധാനം ചെയ്ത ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ എന്ന ചിത്രം നിര്‍മിച്ചത് ബാബു ഭരദ്വാജാണ്.

ബാബു ഭരദ്വാജിന്റെ വിയോഗത്തോടെ നഷ്ടമാവുന്നത് പ്രവാസത്തിന്റെ ചൂടും ചൂരും മലയാളികളിലേക്കെത്തിച്ച എഴുത്തുകാരനാണ്. യാത്രകളെ ഏറെ സ്നേഹിച്ച ബാബു ഭരദ്വാജ് താന്‍ കണ്ടുമുട്ടിയ മനുഷ്യരെക്കുറിച്ചാണ് കൂടുതലും എഴുതിയത്.

Related Tags :
Similar Posts